Thodupuzha

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിണറിനുള്ളില്‍ റിങ് ഇറക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്ന് തലയില്‍ പതിച്ച് യുവാവ് മരിച്ചു

തൊടുപുഴ : നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിണറിനുള്ളില്‍ റിങ് ഇറക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്ന് തലയില്‍ പതിച്ച് യുവാവ് മരിച്ചു. തൊടുപുഴ ഒളമറ്റം കുന്നുമ്മല്‍ ശ്രീജിത്ത് കൃഷ്ണയാണ് (ജിത്ത്- 42) മരിച്ചത്. ബുധനാഴ്ച രാവിലെ 9.45ന് തൊടുപുഴ ആനക്കൂട് കവലയ്ക്ക് സമീപമായിരുന്നു അപകടം. മണക്കാട് നെല്ലിക്കാവ് വരമ്പനാല്‍ ജിഷ്ണുരാജ് അടുത്തിടെ വാങ്ങിയ ആനക്കൂടിന് സമീപത്തെ വസ്ഥുവിലെ കിണറിലാണ് അപകടം നടന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിണറില്‍ റിങ് ഇറക്കുന്ന ജോലി മാത്രമാണ് അവശേഷിച്ചിരുന്നത്. ശ്രീജിത്തടക്കം ഏഴ് തൊഴിലാളികളാണ് റിങ് ഇറക്കാനുണ്ടായിരുന്നത്. മറ്റുള്ളവര്‍ മുകളില്‍ നിന്ന് കയറില്‍ കെട്ടി റിങ് ഇറക്കുമ്പോള്‍ യതാസ്ഥാനത്ത് പിടിച്ച് വയ്ക്കാനായി കിണറിനുള്ളില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു ശ്രീജിത്ത്. ഇങ്ങനെ ഏഴ് റിങുകള്‍ സംഘം കിണറ്റില്‍ ഇറക്കി. എട്ടാമത്തേത് ഇറക്കുമ്പോള്‍ അപ്രതീക്ഷിതമായി റിങിന്റെ ഒരു ഭാഗം അടര്‍ന്ന് ശ്രീജിത്തിന്റെ തലയില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റുള്ളവര്‍ കിണറ്റില്‍ ഇറങ്ങി ഉടുമുണ്ട് ദേഹത്ത് കെട്ടി കയറുപയോഗിച്ച് പരിക്കേറ്റ് വീണ ശ്രീജിത്തിനെ കരയിലെത്തിച്ചു. പണി സ്ഥലത്തേക്ക് റിങ്് കൊണ്ടുവന്ന ലോറിയില്‍ തന്നെ ശ്രീജിത്തിനെ പ്രധാന റോഡിലെത്തിച്ചു. അപ്പോഴേക്കും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ ആംബുലന്‍സില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍. കണ്ണൂര്‍ ഇരിട്ടി കുന്നുമ്മല്‍ പരേതനായ കൃഷ്ണന്റെയും ശ്രീമതിയുടെയും മകനായ ശ്രീജിത്ത് 20 വര്‍ഷത്തോളമായി തൊടുപുഴയിലാണ് താമസം. സ്ഥിരമായി കിണറില്‍ റിങ് ഇറക്കുന്ന ജോലിയാണ് ശ്രീജിത്തും സംഘവും ചെയ്തിരുന്നത്. തൊടുപുഴ ഒളമറ്റം പുത്തന്‍വീട്ടില്‍ ആശയാണ് ഭാര്യ. കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ്, ചുങ്കം സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനഘ, ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനന്ദ് എന്നിവര്‍ മക്കളാണ്.

Related Articles

Back to top button
error: Content is protected !!