ChuttuvattomThodupuzha

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിലെത്തിയ യുവതിക്കും പിതാവിനും മർദ്ദനം

തൊടുപുഴ: കുടുംബക്കോടതിയിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വന്ന യുവതിയെയും പിതാവിനെയും ഭർതൃവീട്ടുകാർ ആക്രമിച്ചതായി പരാതി. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ കുടുംബക്കോടതിയുടെ കൗൺസലിംഗ് ഹാളിന് സമീപമാണ് മൂലമറ്റം സ്വദേശി ജുവൽ തോമസ് (31), പിതാവ് തോമസ് (66) എന്നിവർക്ക് മർദ്ദനമേറ്റത്. മൂലമറ്റം സ്വദേശിയായ ജുവലിന്റ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് അനൂപ് വി. അഗസ്റ്റിൻ, മാതാപിതാക്കളായ അഗസ്റ്റിൻ, സെലിൻ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് ജുവൽ പറഞ്ഞു. പരിക്കേറ്റ ജൂവലും പിതാവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 2016ലായിരുന്നു അനൂപുമായുള്ള ജൂവലിന്റെ വിവാഹം. തുടർന്ന് ഇരുവരും ഷാർജയിലായിരുന്നു. ഇതിനിടെ രണ്ട് വർഷം മുമ്പ് കുഞ്ഞ് ജനിച്ചു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. വീണ്ടും ജോലിക്കായി ഷാർജയിലെത്തിയ ഇരുവരും കഴിഞ്ഞ ജനുവരിയിലാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് തന്നെ പല തവണ ശാരീരികമായി ഉപദ്രവിക്കുകയും പാസ് പോർട്ട് പിടിച്ചുവച്ച ശേഷം സ്വന്തം വീട്ടിൽ പറഞ്ഞയയ്ക്കുകയും ചെയ്തതായി ജൂവൽ പറയുന്നു.

കഴിഞ്ഞ ഓണത്തിനു ശേഷം കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വിവാഹ മോചനത്തിന് ഭർത്താവ് കേസ് ഫയൽ ചെയ്ത വിവരം അറിഞ്ഞത്.ഇക്കാര്യം തിരക്കിയപ്പോൾ ഭർത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതോടെ ജൂവൽ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് കോടതി ജൂവലിനും കുട്ടിക്കും മാതാപിതാക്കൾക്കും പ്രൊട്ടക്ഷൻ ഓർഡർ നൽകിയിരുന്നു.വിവാഹമോചന കേസിന്റെ ഭാഗമായി ഇന്നലെ ഇവർ കുടുംബ കോടതിയിലെത്തിയിരുന്നു. തുടർന്ന് കൗൺസലിംഗ് ഹാളിൽനിന്ന് ഉച്ചയ്ക്ക് രണ്ടോടെ പുറത്തിറങ്ങിയപ്പോൾ മൂവരും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. വിവാഹമോചനത്തിന് സമ്മതമല്ലെന്ന് അറിയിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.സിവിൽ സ്റ്റേഷനിലെ മറ്റ് ഓഫീസുകളിലുള്ളവരും സ്ഥലത്തുണ്ടായിരുന്നവരും ഓടിയെത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും മൂവരും രക്ഷപ്പെട്ടതായും ജുവൽ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ  ദാമ്പത്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എന്തിനാണ് ഭർത്താവ് വിവാഹമോചന കേസ് നൽകിയതെന്ന് അറിയില്ലെന്നും ഭർത്താവിന്റെ കുടുംബത്തിന് രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന ഭയം ഉണ്ടെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ കേസെടുക്കുമെന്ന് തൊടുപുഴ സിഐ സുമേഷ് സുധാകരൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!