ChuttuvattomVannappuram

മീനുളിയാന്‍ പാറയിലേക്കുള്ള പ്രവേശനത്തിന് വനംവകുപ്പ് അനുമതി നല്‍കണമെന്ന ആവശ്യം ശക്തം

വണ്ണപ്പുറം: ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തിയിരുന്ന പട്ടയക്കുടി മീനുളിയാന്‍ പാറയിലേക്കുള്ള പ്രവേശനത്തിന് വനംവകുപ്പ് അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടേയ്ക്കുള്ള പ്രവേശനം വനംവകുപ്പ് നിരോധിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. വനം നിയമത്തിന്റെ പഴുതുപയോഗിച്ച് പട്ടയക്കുടിയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്കു തടയിടുകയായിരുന്നു വനംവകുപ്പ്. ടൂറിസം വികസനത്തിനൊപ്പം ആദിവാസി മേഖലയായ ഇവിടെ ചെറുകിട സംരഭങ്ങള്‍ നടത്തിയിരുന്നവരുടെ വരുമാനവും ഇതോടെ ഇല്ലാതായി. ദൃശ്യചാരുതകൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ് മീനുളിയാന്‍ പാറ. ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ ഉടന്‍ വന സംരക്ഷണ സമിതികള്‍ രൂപീകരിച്ച് ഇവരുടെ മേല്‍ നോട്ടത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനവും സുരക്ഷയും ഉറപ്പാക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇത് ഒരു പാഴ് വാക്കായി മാറി.

സാമൂഹ്യമാധ്യമങ്ങളിലൂടെയും വ്‌ളോഗര്‍മാര്‍ വഴിയും പട്ടയക്കുടിയും മീനുളിയാന്‍പാറയും ഏറെ പ്രശസ്തമായതോടെ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയും ഇതോടു ചേര്‍ന്നുള്ള പാഞ്ചാലിക്കുളവും ഏണിതാഴം മുടിയും കാണാനെത്തിയിരുന്നത്. ഇതോടെ ഇവിടത്തെ ചെറുകിട കച്ചവടക്കാര്‍ക്കും ജീപ്പ് ഡ്രൈവര്‍മാര്‍ക്കും നല്ല വരുമാന മാര്‍ഗവുംകൂടിയായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സഞ്ചാരികളുടെ വലിയ പ്രവാഹമായിരുന്നു. എന്നാല്‍ വനം വകുപ്പ് പ്രവേശനം തടഞ്ഞതോടെ സഞ്ചാരികള്‍ ഇവിടേക്ക് വരാതായി. ഇതോടെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ ഉപജീവനവും വരുമാനവും നാടിന്റെ വികസനവുമാണ് അന്യമായി മാറിയിരിക്കുന്നത്. വനം വകുപ്പിന്റെ നിലപാടു മൂലം ടൂറിസം ഭൂപടത്തില്‍ ഏറെ ശ്രദ്ധ നേടിയ പ്രദേശത്തിന്റെ വികസന സാധ്യതകളും ഇതോടെ ഇല്ലാതായി മാറി.

Related Articles

Back to top button
error: Content is protected !!