ChuttuvattomThodupuzha

ഇത് അപകടജംഗ്ഷൻ മു​ന്ന​റി​യി​പ്പു ബോ​ർ​ഡും വേ​ഗനി​യ​ന്ത്ര​ണ​വും ഇ​വി​ടില്ല

തൊടുപുഴ: നാലു റോഡുകള്‍ സംഗമിക്കുന്ന തൊടുപുഴ ന്യൂമാന്‍ കോളജ് ജംഗ്ഷന്‍ സ്ഥിരം അപകട മേഖലയായി മാറുന്നു. അടുത്തിടെ കാഞ്ഞിരമറ്റം- മങ്ങാട്ടുകവല ബൈപാസ് റോഡ് ആറു കോടിയോളം രൂപ മുടക്കി നവീകരിച്ചതോടെയാണ് ഇതുവഴി വാഹനങ്ങളുടെ തിരക്കും അപകടവും വര്‍ധിച്ചത്. ബോയ്‌സ് ഹൈസ്‌കൂളിന് മുന്‍വശത്തുനിന്ന് കാരിക്കോടിനുള്ള പഴയ റോഡും കാഞ്ഞിരമറ്റം – മങ്ങാട്ടുകവല ബൈപാസും ഒരുമിക്കുന്ന ഭാഗത്താണ് സ്ഥിരമായി അപകടമുണ്ടാകുന്നത്. ഫുട്പാത്തും കൈവരിയും നിര്‍മിച്ച് ബൈപാസ് റോഡ് മനോഹരമായി നവീകരിച്ചെങ്കിലും ജംഗ്ഷനില്‍ വ്യക്തമായ അപകട മുന്നറിയിപ്പ് ബോര്‍ഡുകളോ വേഗ നിയന്ത്രണ സംവിധാനമോ ഇല്ലാത്തതാണ് അപകടം വര്‍ധിക്കാന്‍ പ്രധാന കാരണമെന്നു പറയുന്നു. കോളജിലേക്കും സ്‌കൂളുകളിലേക്കുമുള്ള വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്ന ഈ ജംഗ്ഷനില്‍ സീബ്രാലൈനും വരച്ചിട്ടില്ല. ജംഗ്ഷനിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് വശങ്ങളിലുള്ള ഉയര്‍ന്ന മതിലുകള്‍ കാരണം മറ്റ് റോഡുകള്‍ വ്യക്തമായി കാണാനാകാത്തതിനാല്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയേറെയാണ്. നാലു ഭാഗത്തുനിന്നും ഒരേ സമയമാണ് ജംഗ്ഷനിലേക്ക് വാഹനങ്ങളെത്തുന്നത്.
ബോയ്‌സ് സ്‌കൂള്‍ ഭാഗത്തുനിന്നു കാരിക്കോടിനുള്ള റോഡിലൂടെ ഭാരവാഹനങ്ങള്‍ക്ക് നിരോധമുണ്ട്. എന്നാല്‍ ഈ റോഡിലൂടെ അമിത ലോഡ് കയറ്റിയ ടോറസുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ പ്രധാന റോഡിലേക്കും തിരിച്ചും വളച്ചെടുക്കുന്നത് മൂലം പലപ്പോഴും ഇവിടെ ഗതാഗതം തടസപ്പെടാറുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ ബൈപാസിലേക്ക് കയറുന്നതാണ് പലപ്പോഴും അപകടകാരണമാകുന്നത്. ഇവിടെ വേഗ നിയന്ത്രണ സംവിധാനങ്ങളുമില്ല. തുടര്‍ച്ചയായി അപകടം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകണം.

 

Related Articles

Back to top button
error: Content is protected !!