Thodupuzha

മുട്ടം വനിതാ ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് മിനിമം വേതനമില്ല

തൊടുപുഴ: സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിനു കീഴില്‍ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ താത്കാലിക ജീവനക്കാര്‍ക്ക് ശന്പള വര്‍ധനവ് നടപ്പായില്ലെന്ന് പരാതി. ഏഴോളം ജീവനക്കാരാണ് ഇവിടെയുള്ളത്. നിലവിലുള്ളവര്‍ പത്തു വര്‍ഷത്തില്‍ ഏറെയായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. മിനിമം വേതനം പോലും ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. എട്ടു വര്‍ഷമായി ഇവര്‍ക്ക് ശന്പള വര്‍ധനവ് നടപ്പാക്കിയിട്ടില്ല. 2001 ലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ഭവനനിര്‍മാണ ബോര്‍ഡിന്റെ കീഴില്‍ മുട്ടത്ത് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആരംഭിച്ചത്. അന്ന് മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുട്ടത്തും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. ജില്ലാ കോടതി, എന്‍ജിനിയറിംഗ് കോളജ്, പോളിടെക്‌നിക്, ഐഎച്ച്ആര്‍ഡി കോളജ് എന്നിവയില്‍ ഉള്‍പ്പെടെ ദൂരെ സ്ഥലങ്ങളില്‍നിന്നും വന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ സ്ഥാപനം. വിദ്യാര്‍ഥിനികള്‍ക്കും ഇവിടെ താമസസൗകര്യം ലഭ്യമാക്കുന്നുണ്ട്.നിലവില്‍ വിദ്യാര്‍ഥിനികളും ജോലിക്കാരുമായി 175 ഓളം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ കോടികളുടെ ലാഭം ഉണ്ടാക്കിയെന്നു മാത്രമല്ല ഒരിക്കല്‍ പോലും നഷ്ടത്തില്‍ ആയിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹോസ്റ്റല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്‌പോഴും ഇവിടെ ജോലി ചെയ്യുന്നവര്‍ ദുരിതത്തിലാണ്. മിനിമം വേതനം ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നുവെന്നും സര്‍ക്കാര്‍ നിശ്ചയിച്ച വേതനം പോലും ലഭിക്കുന്നില്ലെന്നുമാണ് ഇവരുടെ പരാതി.

 

 

 

 

 

Related Articles

Back to top button
error: Content is protected !!