Thodupuzha

2005 ല്‍ പാസാക്കിയ ഗ്രാറ്റുവിറ്റി കുടിശിക ഉടന്‍ നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍

തൊടുപുഴ: ഗ്രാറ്റുവിറ്റി കണ്‍ട്രോളിങ് അതോറിറ്റി 2005 ല്‍ പാസാക്കിയ ഉത്തരവ് നടപ്പാക്കാത്തതിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍. ഗ്രാറ്റുവിറ്റി തുക കമ്പനിയില്‍ നിന്നും നിയമപ്രകാരം ഈടാക്കി നല്‍കാന്‍ കഴിയാത്തത് ഖേദകരമാണെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവില്‍ പറഞ്ഞു. കാലതാമസം കൂടാതെ കുടിശിക തുക ഈടാക്കി നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ അടിയന്തര നടപടിയെടുക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പീരുമേട് ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന അമ്മയുടെ ഗ്രാറ്റുവിറ്റി തുകയായ 40,948 രൂപയും 2001 ഏപ്രില്‍ 3 മുതലുള്ള 10 ശതമാനം പലിശയും നല്‍കണമെന്ന ഗ്രാറ്റുവിറ്റി കണ്‍ട്രോളിങ് അതോറിറ്റിയുടെ 2005 ലെ വിധി നടപ്പാക്കണമെന്ന ഏലപ്പാറ സ്വദേശിനി മീനയുടെ പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്. തിരുവനന്തപുരം ജില്ലാ കലക്ടറില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. സാങ്കേതിക തടസം കാരണം വിധി നടപ്പാക്കാന്‍ താമസമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പീരുമേട് ടി കമ്പനി ഡയറക്ടര്‍ക്ക് 2022 ജനുവരി 17 ന് ഡിമാന്റ് നോട്ടീസ് നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ പേരില്‍ തിരുവനന്തപുരം പട്ടം വില്ലേജില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ ലഭ്യമല്ല. കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. കുടിശിക തുക ഈടാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ കലക്ടര്‍ക്കും കോട്ടയം ലേബര്‍ കമ്മീഷണര്‍ക്കും അയച്ചു.

Related Articles

Back to top button
error: Content is protected !!