Thodupuzha

തൊടുപുഴ നഗരസഭ ഭവനപദ്ധതി ഉദ്ഘാടനം പ്രഹസനം: യു.ഡി.എഫ്

തൊടുപുഴ: നഗരസഭയിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ താക്കോല്‍ ദാനച്ചടങ്ങ്, സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമാക്കിയത് വെറും പ്രഹസനമാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വീട് നിര്‍മിച്ച മാസങ്ങള്‍ കഴിഞ്ഞവര്‍ക്കും നിര്‍മാണം പൂര്‍ത്തിയാകാത്തവര്‍ക്കും താക്കോല്‍ നല്‍കുന്നത് പ്രസിദ്ധിക്ക് വേണ്ടി മാത്രമാണ്. ഒരു വീടിന് അനുവദിക്കുന്ന നാലു ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപയും നഗരസഭ വായ്പ എടുത്താണ് നല്‍കുന്നത്. ഈ ആവശ്യത്തിലേക്കായി തൊടുപുഴ നഗരസഭ ഇത് വരെ ഒന്‍പത് കോടി രൂപയാണ് വായ്പ എടുത്തിട്ടുള്ളത്. ഒന്നര ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആകെ വിഹിതം അര ലക്ഷം രൂപ മാത്രമാണ്. സര്‍ക്കാര്‍ തനതു ഫണ്ട് മുടക്കിയ ഒരു പദ്ധതി പോലും വാര്‍ഷിക ആഘോഷപരിപാടിയുടെ ഭാഗമാക്കാന്‍ തൊടുപുഴയില്‍ ഇല്ല. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷമായോ, നൂറു ദിന കര്‍മ്മപരിപാടിയു മായോ യാതൊരു ബന്ധവുമില്ലാത്ത ഉദ്ഘാടനം ചെയ്തത്. ഇത്തരമൊരു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചിട്ടില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരോട് ആലോചിച്ചിട്ടുമില്ല. നഗരസഭാ പദ്ധതികള്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ ആയി മാറ്റുന്നതിനുള്ള കുല്‍സിത ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചു. കൗണ്‍സിലര്‍മാരായ കെ. ദീപക്ക്, അഡ്വ. ജോസഫ് ജോണ്‍, എം.എ കരിം, സഫിയ ജബ്ബാര്‍, സനു കൃഷ്ണന്‍, നീനു പ്രശാന്ത്, റസിയ കാസിം, സാബിറ ജലീല്‍, രാജി അജേഷ്, ഷീജ ഷാഹുല്‍, നിസ സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!