ArakkulamChuttuvattomThodupuzha

തൊടുപുഴ ഇ.എസ്.ഐ. ഡിസ്‌പെന്‍സറിയില്‍ നിന്ന് മതിയായ ചികിത്സ ലഭിക്കുന്നില്ല: സംയുക്ത തൊഴിലാളി യൂണിയന്‍

തൊടുപുഴ:  സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന
ഇ.എസ്.ഐ. ഡിസ്‌പെന്‍സറിയില്‍ നിന്ന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അറക്കുളം മേഖലയിലെ സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. അടിമാലിയിലും കട്ടപ്പനയിലും മൂന്നാറിലും ഇ.എസ്.ഐ.കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറികളില്‍ നിന്നും മികച്ച സ്വകാര്യ ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യുമ്പോള്‍ തൊടുപുഴയില്‍ നിന്നും മാത്രം അത് സാധിക്കുന്നില്ല. സര്‍ക്കാര്‍ ഉത്തരവ് ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ റഫര്‍ ചെയ്യാന്‍ ആവാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. ഇതിന് ആവശ്യമായ ഉത്തരവിറക്കണമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൊടുപുഴ താലൂക്കിലെ 15,000 ലേറെ വരുന്ന അംഗങ്ങള്‍ക്കായി ഒരു ഇ.എസ്.ഐ. ഡിസ്‌പെന്‍സറി മാത്രമാണുള്ളത്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നു വരെ മാത്രമാണ് ഇതിന്റെ പ്രവര്‍ത്തനം. ഇവിടെ കുത്തിവെയ്പ് എടുക്കുന്നതിനോ മുറിവ് തുന്നിക്കെട്ടുന്നതിനോ ഡ്രസ്സ് ചെയ്യുന്നതിനോ ഉള്ള സൗകര്യം പോലുമില്ല. ഡിസ്‌പെസറിയുടെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ ഇ.എസ്.ഐ. ആശുപത്രിയില്ലെങ്കില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലോ എം-പാനല്‍ ഹോസ്പിറ്റലിലേക്കോ റഫറന്‍സ് കൊടുക്കണമെന്നാണ് ഇ.എസ്.ഐ കോര്‍പറേഷന്‍ ചട്ടം. എന്നാല്‍ തൊടുപുഴയില്‍ എത്തുന്ന രോഗികളെ 60 കിലോമീറ്റര്‍ അകലെയുള്ള ആലുവ പാതാളത്തുള്ള ഇ.എസ്.ഐ. ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്യുന്നത്. അവിടെ എത്തിയാലും ആവശ്യത്തിന് ചികിത്സ കിട്ടുന്നില്ല. ലാബ് പരിശോധന, സ്‌കാനിങ് എന്നിവക്കും പുറത്ത് പോകണം. ഇതിനാല്‍ ചികിത്സക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. ഫലത്തില്‍ ഇ.എസ്.ഐ.കോര്‍പ്പറേഷനില്‍ അടയ്ക്കുന്ന വിഹിതം പാഴാവുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു. രോഗികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കടക്കം റഫറന്‍സ് നല്‍കാനുള്ള ഇ.എസ്.ഐ കോര്‍പറേഷന്‍ ചെയര്‍മാന്റെ തീരുമാനം പിന്‍വലിക്കണം. തൊടുപുഴ ഭാഗത്ത് ഇ.എസ്.ഐ. ഹോസ്പിറ്റല്‍ അനുവദിക്കണമെന്നും സംയുക്ത തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!