Thodupuzha

തോട്ടിലൂടെ ക്രഷറില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്ന സംഭവത്തില്‍ നിയമനടപടിയുമായി തൊടുപുഴ നഗരസഭ

തൊടുപുഴ: തോട്ടിലൂടെ ക്രഷറില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്ന സംഭവത്തില്‍ നിയമനടപടിയുമായി തൊടുപുഴ നഗരസഭ. ആലക്കോട് പഞ്ചായത്തില്‍ നിന്ന് ഉത്ഭവിച്ച് ഇടവെട്ടി പഞ്ചായത്തിലൂടെ ഒഴുകി നഗരസഭയിലെ രണ്ടുപാലം മേഖലയിലൂടെ കടന്നുവന്ന് ഉണ്ടപ്ലാവ്, കുമ്മംകല്ല്, കീരികോട്, കോട്ടപ്പാലം, മുതലിയാര്‍മഠം, ഉറുമ്പില്‍പ്പാലം വഴി തൊടുപുഴയാറില്‍ എത്തുന്ന കൈത്തോട്ടിലൂടെ മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നതായി പരാതി ഉയര്‍ന്നത്.ശുദ്ധമായി തെളിഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തിന് മാലിന്യം ഒഴുക്കുന്നത് മൂലം നിറം മാറിയതായും തോട്ടില്‍ പാറപ്പൊടി ഉള്‍പ്പെടെയുള്ളവ അടിഞ്ഞുകൂടുന്നതായും പരിസരവാസികള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് തോട്ടില്‍നിന്നുള്ള ജലം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്.
ഈ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് ശരീരമാസകലം ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നതായും പരാതിയുണ്ട്. സമീപ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ക്രഷറുകളില്‍നിന്നും അര്‍ധരാത്രിക്ക് ശേഷമാണ് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത്. കുടിവെള്ളത്തിനും ജലസേചനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ജലം മലിനപ്പെടുത്തുന്ന ക്വാറി നടത്തിപ്പുകാര്‍ക്കെതിരെ പരിസരവാസികള്‍ ജില്ലാ കലക്ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി നല്‍കി. ആയിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലൂടെ ഒഴുകുന്ന തോട്ടിലൂടെ മാലിന്യങ്ങള്‍ ഒഴുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയതായും കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!