Thodupuzha

പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍

തൊടുപുഴ: പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമം കാട്ടിയ മധ്യവയസ്‌കന്‍ പോലീസ് പിടിയിലായി. തൊടുപുഴ മുട്ടം മേപ്പുറത്ത് ജോമോ (47) നാണ് പിടിയിലായത്. ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയപ്പോഴാണ് അതിക്രമം. ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഈ സമയത്ത് പ്രതിയും ഭാര്യ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യയും മകളും ഡോക്ടറെ കാണാന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രതിയുടെ മകള്‍ പെണ്‍കുട്ടിയെ വിളിക്കുകയും മുത്തച്ഛിക്ക് ഇന്‍സുലിന്‍ നല്‍കാന്‍ വീട്ടിലേയ്ക്ക് ചെല്ലണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി വയോധികയ്ക്ക് ഇന്‍സുലിന്‍ നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ താനും കുടുംബവും വരുന്ന ആഴ്ച ഗള്‍ഫിലേക്ക് പോകുകയാണെന്നും ഇടക്കിടെ ഇവിടെയെത്തി വീടും പരിസരവും ശ്രദ്ധിക്കണമെന്നും പ്രതി പറഞ്ഞു. ഇതിനായി വീട്ടിലെ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്ന രീതിയും മറ്റും കാണിച്ച് നല്‍കാമെന്നും പറഞ്ഞ് മുകളിലത്തെ നിലയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയി. മുകളിലെത്തിയ പെണ്‍കുട്ടിയെ പ്രതി കടന്ന് പിടിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ഒച്ച വയ്ക്കുകയും പ്രതിയെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷകര്‍ത്താക്കളോട് വിവരം ധരിപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള പെണ്‍കുട്ടി തലകറങ്ങി വീണതിനെതുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷകര്‍ത്താക്കള്‍ തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി നല്‍കിയ പരാതി നല്‍കി. ഇതിനിടെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് പ്രതിയെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ. ബൈജു.പി.ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.

Related Articles

Back to top button
error: Content is protected !!