Thodupuzha

ചിന്നക്കനാലിലെ ആദിവാസികള്‍ക്ക് പുനരധിവാസം: സത്യാഗ്രഹം നടത്തി

ഇടുക്കി: ചിന്നക്കനാല്‍ ആദിവാസി പുനരധിവാസ ഭൂമിയില്‍ കുടിയിരുത്തപ്പെട്ട ആദിവാസികള്‍ക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ആദിവാസി- ദളിത്- സംഘടനകള്‍ കലക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തി. 2004 -ല്‍ 400 ലേറെ ആദിവാസികളെ കുടിയിരുത്തിയ ചിന്നക്കനാല്‍ 301 പുനരധിവാസ മേഖലയില്‍ മുപ്പതോളം കുടുംബങ്ങള്‍ മാത്രമേ നിലവിലുള്ളൂ. വന്യജീവികളുടെ ആക്രമണം ഭയന്ന് ഭൂരിപക്ഷം ആദിവാസികളും തിരിച്ചു പോയത് . കുടിയിരുത്തപ്പെട്ട ആദിവാസികളുടെ പുനരധിവാസത്തിന്റെ ഉത്തരവാദിത്വം ആദിവാസി പുനരധിവാസ വികസന മിഷന്റെതാണ്. 2001ല്‍ ആദിവാസികള്‍ നടത്തിയ കുടില്‍ കെട്ടല്‍ സമരത്തെ തുടര്‍ന്നാണ് ഭൂ രഹിതരായ ആദിവാസികളെ കുടിയിരുത്താന്‍ പുനരവാസ മിഷന് രൂപം നല്‍കിയത്. നിലവില്‍ പുനരുവാസ ഭൂമിയില്‍ അവശേഷിക്കുന്ന ആദിവാസി കുടുംബങ്ങളുടെ വ്യക്തിഗത പ്ലോട്ടുകള്‍ക്ക് വൈദ്യുതി വേലി സ്ഥാപിക്കുക, കുടുംബങ്ങള്‍ക്ക് കുടിവെള്ള സൗകര്യം ഉറപ്പുവരുത്തുക, വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് പകരം പുതിയ വീടുകള്‍ക്ക് ധനസഹായം നല്‍കുക, കാര്‍ഷിക മൃഗസംരക്ഷണ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ അടിയന്തര ആവശ്യമാണ് ഗോത്ര മഹാസഭ ആവശ്യപ്പെടുന്നത്. ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോഡിനേറ്റര്‍ എം ഗീതാനന്ദന്‍ സത്യാഗ്രഹത്തിന് അധ്യക്ഷത വഹിച്ചു. പുനരധിവാസ മേഖലയില്‍ കുടിയിരുത്തപ്പെട്ടവരോട് കാണിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത സി.എസ് മുരളി ശങ്കര്‍ പ്രസ്താവിച്ചു. ശ്രീരാമന്‍ കൊയ്യോന്‍ മുഖ്യ പ്രഭാഷണം നടത്തി. സി.ജെ തങ്കച്ചന്‍, സോബി സെബാസ്റ്റ്യന്‍, സി.എസ് ജിയേഷ്, സുരേഷ് ചിന്നക്കനാല്‍, നോയല്‍ പി. സാമുവല്‍, തങ്കപ്പന്‍ ഊരാം പ്ലാക്കല്‍, ജോയ് എം.എന്‍, കുഞ്ഞമ്മ മൈക്കിള്‍, സുരേന്ദ്ര ബാബു, രാജു സേവ്യര്‍, ജോണി മണിയാറംകുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!