Idukki

പൊന്‍മുടി അണക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

രാജകുമാരി: പൊന്‍മുടി അണക്കെട്ടിന്റെ ഭാഗമായ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശ്യാംലാല്‍ (28) ന്റെ മൃതദേഹമാണ് ഇന്നലെ ഫയര്‍ ഫോഴ്സ് അടിമാലി യൂണിറ്റില്‍ നിന്നുള്ള സ്‌കൂബ ടീമംഗങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം 4 ന് ആണ് ശ്യാംലാല്‍ സുഹൃത്തുക്കളായ അമല്‍, അഭിജിത്ത് എന്നിവര്‍ക്കൊപ്പം പൊന്‍മുടി ജലാശയത്തില്‍ കള്ളിമാലി വാരിയാനിപ്പടിക്ക് സമീപം കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ സമീപത്ത് കെട്ടിയിട്ടിരുന്ന ഫൈബര്‍ വള്ളത്തില്‍ കയറി മൂന്നു പേരും ജലാശയത്തിന്റെ മറു ഭാഗത്തേക്ക് പോയി. ജലാശയത്തിന്റെ പകുതിയിലെത്തിയ ശേഷം തിരിച്ച് തുഴയുന്നതിനിടെ വള്ളം മറിഞ്ഞു. അമലും അഭിജിത്തും നീന്തി കരയ്ക്കു കയറിയെങ്കിലും ശ്യാംലാലിനെ കണ്ടില്ല. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഞായറാഴ്ച രാത്രി 7 വരെ തിരച്ചില്‍ നടത്തിയെങ്കിലും ശ്യാംലാലിനെ കണ്ടെത്തിയില്ല. ഇന്നലെ രാവിലെ ഫയര്‍ ഫോഴ്സ് സ്‌കൂബ ടീം വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. ഇന്നലെ ഉച്ചയോട് കൂടി മൃതദേഹം കണ്ടെത്തി. രാജാക്കാട് സിഐ ബി.പങ്കജാക്ഷന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പൂര്‍ത്തിയാക്കിയ ശേഷം ശ്യാംലാലിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശ്യാംലാലിന്റെ പിതാവ് ശശി, മാതാവ് ശോഭന. സഹോദരി ശാരി.രാജാക്കാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.പങ്കജാക്ഷന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ അനൂപ് സി. നായര്‍, അടിമാലി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.റ്റി പ്രഗോഷ്, സണ്ണി ജോസഫ്, ശ്രീകുമാര്‍, സ്‌കൂബാ ടീം ഉദ്യോഗസ്ഥരായ ജാഫര്‍ ഖാന്‍, റഷീദ്, സിദ്ധീഖ് ഇസ്മയില്‍, അനില്‍ നാരായണന്‍ എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!