Thodupuzha

തൊടുപുഴയിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

തൊടുപുഴപുഴ: ലഹരി വസ്തുക്കള്‍ കണ്ടെത്താനായി വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം പ്രതി രക്ഷപെട്ടു. സംഭവത്തില്‍ പ്രതിയുടെ കൂട്ടാളികളായ മൂന്ന് പേര്‍ അറസ്റ്റിലായി. മൂക്കിന് സാരമായി പരുക്കേറ്റ മുട്ടം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. ഷാജിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ മ്രാലയ്ക്ക് സമീപം ഞായറാഴ്ച്ച രാത്രി 10 ഓടെയായിരുന്നു സംഭവം. പ്രദേശം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്പെഷല്‍ സ്‌ക്വാഡ് നിരീക്ഷണം നടത്തുന്നതിനിടെ മ്രാല – നടുക്കണ്ടം റോഡില്‍ നിന്നും വന്ന ഓട്ടോറിക്ഷ കണ്ട് സംശയം തോന്നി. മുട്ടം പോലീസിന്റെ സഹായത്തോടെ മാടപ്പറമ്പില്‍ റിസോര്‍ട്ടിന് സമീപത്ത് ഈ വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തി. ഇതിനിടെയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്ന തൊടുപുഴ സ്വദേശി സുനീര്‍ എന്നയാള്‍ പോലീസ് ഉദ്യോഗസ്ഥനെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം കടന്ന് കളഞ്ഞത്. പോലീസ് പിന്നാലെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വാഹനത്തിലുണ്ടായിരുന്ന മുട്ടം എള്ളുമ്പുറം മങ്കംപ്രയില്‍ കുഞ്ഞുമോന്‍ (56), ഇതരസംസ്ഥാന തൊഴിലാളികളായ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മന്‍സൂര്‍ (27), പശ്ചിമബംഗാള്‍ സാദിപൂര്‍ ബല്‍ഗ്രാം സ്വദേശി റഫീഖുള്‍ (22) എന്നിവരെ പോലീസ് പിടികൂടി. വാഹനത്തില്‍ നിന്നും 335 ഗ്രാം കഞ്ചാവും 8000 രൂപയും പോലീസ് പിടിച്ചെടുത്തു. പിടിയിലായ മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധു ബാബു, എ.എസ്.ഐമാരായ ഷംസ്, ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഓമാരായ ഹരീഷ്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!