Thodupuzha

റോഡ് പണിക്കിടെ വീടിന് ബലക്ഷയം; സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണത്തിനിടയില്‍ പഞ്ചായത്തില്‍നിന്നുള്ള ധനസഹായത്തോടെ നിര്‍മിച്ച വീടിന് ബലക്ഷയം സംഭവിച്ച സാഹചര്യത്തില്‍ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നല്‍കിയത്. ഉപ്പുതോട് ചിറ്റടിക്കവല സ്വദേശിനി മേരി ജോസഫിന്റെ വീടിന് സംരക്ഷണഭിത്തി നിര്‍മിക്കാനാണ് ഉത്തരവ് നല്‍കിയത്. മരിയാപുരം പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രകാശ് കരിക്കിന്‍മേട്- ഉപ്പുതോട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. റോഡിലെ കട്ടിംഗ് ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 2022 ഏപ്രില്‍ 13ന് വര്‍ക്ക് ടെണ്ടര്‍ ചെയ്തതായി പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. ഇതിനുവേണ്ടി കരാറും നല്‍കിയിട്ടുണ്ട്.
നിര്‍മാണം ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വീടിന് മുന്‍വശത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച റോഡിനു മുകള്‍ഭാഗത്തുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്നും അതിനാല്‍ വീടിനും റോഡിന്റെ മണല്‍തിട്ടയ്ക്കുമായി സംരക്ഷണഭിത്തി നിര്‍മിക്കേണ്ടത് അനിവാര്യമാണെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാല്‍, സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഒരു നടപടിയും തുടങ്ങിയിട്ടില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.

 

Related Articles

Back to top button
error: Content is protected !!