Thodupuzha

ജില്ലാ ആശുപത്രിയില്‍ ലോക മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ ലോക മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എന്‍ ചടങ്ങില്‍ അധ്യക്ഷനായി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി ഈ വര്‍ഷത്തെ ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ചിന്താ വിഷയം ‘എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ഒരു ആഗോള മുന്‍ഗണനയാക്കുക’ എന്ന വിഷയം അവവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.അനൂപ്. കെ, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. കരീം, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വി.എസ്.അബ്ബാസ്, മൊയ്ദീന്‍, ഡെപ്യൂട്ടി നേഴ്‌സിംഗ് സൂപ്രണ്ട് ലിസി വര്‍ഗീസ്, നഗരസഭാ കൗണ്‍സിലര്‍ ശ്രീലക്ഷമി സുധീപ് എന്നിവര്‍ പ്രസംഗിച്ചു.

ശാരീരിക ആരോഗ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യവുമെന്നും കൃത്യമായി കണ്ടെത്തി നേരത്തെ ചികിത്സ ആരംഭിച്ചാല്‍ ഒട്ടുമിക്ക മാനസിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും യോഗം വിലയിരുത്തി. ദിനാചരണത്തിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബും, തൊടുപുഴ ന്യൂമാന്‍ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മൈംമും അവതരിപ്പിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ നോഡല്‍ ഓഫീസര്‍ ഡോ. അമല്‍ അബ്രാഹം, സൈക്യാട്രിസ്റ്റ് ഡോ. ബബിന്‍. ജെ. തുറക്കല്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എല്‍ദോസ് എന്നിവര്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിവിധ തരത്തിലുള്ള മാനസിക രോഗങ്ങളെ കുറിച്ചും ക്ലാസ്സുകള്‍ നയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!