Thodupuzha

വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം; മ്യൂസിയം കേസ് പ്രതിയെന്നതിന് തെളിവില്ലെന്ന് പോലീസ്

തൊടുപുഴ: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതി തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയ മലയന്‍കീഴ് സ്വദേശി സന്തോഷ് ആണെന്നതിന് തെളിവില്ലെന്ന് പോലീസ്. പരാതിക്കാരിയെ സന്തോഷിന്റെ ഫോട്ടോ കാണിച്ചെങ്കിലും ഇയാളല്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയതെന്ന് തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍.മധുബാബു പറഞ്ഞു. സന്തോഷിനെക്കാള്‍ മെലിഞ്ഞ ആളാണ് തനിക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് പോലീസിനു നല്‍കിയ വിവരം. എന്നാല്‍ സമാന കേസുകളില്‍ ഇയാള്‍ പ്രതിയായതിനാല്‍ തൊടുപുഴയില്‍ ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നുള്ള വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രിയുടെ പിഎസിന്റെ ഡ്രൈവര്‍ ആയിരുന്നതിനാല്‍ ഈ സമയം പ്രതി മന്ത്രിയുടെ ഏതെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ എത്തിയിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറുടെതായിരുന്നു പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ 2021 ഡിസംബര്‍ ആറിനായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യമാധ്യമങ്ങള്‍ വഴി സന്തോഷിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാളാണോ കേസിലെ പ്രതിയെന്ന സംശയം പരാതിക്കാരിക്കുണ്ടായത്.

Related Articles

Back to top button
error: Content is protected !!