Thodupuzha

വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കം പ്രതിഷേധത്തെത്തുടര്‍ന്ന് തടസപ്പെട്ടു

തൊടുപുഴ: വായ്പ തിരിച്ചടവ് കുടിശികയായതിനെത്തുടര്‍ന്ന് നിര്‍ധന കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള തൊടുപുഴ അര്‍ബന്‍ ബാങ്ക് അധികൃതരുടെ നീക്കം പ്രതിഷേധത്തെത്തുടര്‍ന്ന് തടസപ്പെട്ടു. തൊടുപുഴ ഒളമറ്റത്ത് താമസിക്കുന്ന കാവനാപറമ്പില്‍ നവാസിന്റെ വീട്ടിലാണ് വെള്ളിയാഴ്ച ഉച്ചയോടെ സര്‍ഫാസി നിയമ പ്രകാരം ബാങ്കിന്റെ അഭിഭാഷകനും വനിതാ പോലീസും ഉള്‍പ്പെടെയുള്ള സംഘം എത്തിയത്. 2018 ലാണ് ഒളമറ്റത്തുള്ള 12 സെന്റ് സ്ഥലം ഈടുവച്ച് നവാസും കുടുംബവും 10 ലക്ഷം രൂപ വായ്പയെടുത്തത്. നവാസും ഭാര്യയും രോഗബാധിതരായതിനാലും തുടര്‍ന്നുണ്ടായ കോവിഡ് പ്രതിസന്ധി മൂലവും വായ്പ തിരിച്ചടവ് മുടങ്ങി. പിന്നീട് പലതവണ പലിശ അടച്ചതായാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ തുടര്‍ച്ചയായി വായ്പ കുടിശിക വരുത്തിയെന്നും നിലവില്‍ 16 ലക്ഷം രൂപ നവാസ് അടയ്ക്കാനുണ്ടെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിയമ നടപടികളുടെ ഭാഗമായാണ് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യാനെത്തിയത്. ബാങ്ക് അധികൃതര്‍ വീട്ടുസാധനങ്ങളുടേയും മറ്റും ലിസ്റ്റ് എടുത്തുതുടങ്ങിയതോടെ വീട്ടുകാരുടെ അഭിഭാഷകനെത്തി പണം അടയ്ക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടു. സര്‍ഫാസി നിയമപ്രകാരം നടത്തുന്ന ജപ്തി നടപടികളില്‍നിന്ന് വീടുള്‍പ്പെടെയുള്ളവ ഒഴിവാക്കണമെന്ന് സഹകരണമന്ത്രി നിര്‍ദേശം നല്‍കിയുണ്ടെന്നും പലിശ തുക ഉടന്‍ അടയ്ക്കാമെന്ന് വീട്ടുകാര്‍ ഉറപ്പു നല്‍കിയതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെ ബാങ്ക് അധികൃതര്‍ വീട്ടില്‍ സ്ഥാപിക്കാനുള്ള ബോര്‍ഡ് ഉള്‍പ്പെടെയുള്ളവ എടുത്ത് പിന്‍വാങ്ങി. വായ്പാ കുടിശിക വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കുന്നതടമുള്ള പ്രവര്‍ത്തനങ്ങള്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ രണ്ട് മാസം മുന്‍പ് മരവിപ്പിച്ചിരുന്നു.

 

Related Articles

Back to top button
error: Content is protected !!