Moolammattam

ബസ് സ്റ്റാന്‍ഡിലുള്ള ശുചി മുറി മാലിന്യം റോഡിലൂടെ ഒഴുകുന്നതില്‍ പ്രതിഷേധം ശക്തം

മൂലമറ്റം: അറക്കുളം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലുള്ള ശുചി മുറി മാലിന്യം റോഡിലൂടെ ഒഴുകുന്നതില്‍ ശക്തമായ പ്രതിഷേധം. നാല് മാസം മുന്‍പ് പഞ്ചായത്ത് കമ്മിറ്റി ചേരുകയും പ്രൈവറ്റ് സ്റ്റാന്‍ഡിലെ ശുചിമുറി പൂട്ടിയിടാനും ടാക്സി സ്റ്റാന്‍ഡിലെ ശുചിമുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടര്‍ന്ന് ടാങ്കില്‍ വെള്ളമിറങ്ങി മാലിന്യം റോഡിലൂടെ വ്യാപകമായി ഒഴുകുന്ന അവസ്ഥയായിരുന്നു. ഇവിടെ നിന്ന് രണ്ട് ലോഡ് മാലിന്യം ഏതാനും നാളുകള്‍ക്ക് മുന്‍പ്് ബ്രഹ്മപുരത്തേക്ക് കയറ്റി വിട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ എട്ട് ലോഡിന്റെ പണം എഴുതി എടുത്തത് വിവാദമായിരുന്നു. നടപടി വിവാദമായതിനെ തുടര്‍ന്ന് അധികം കൈപ്പറ്റിയ തുക പഞ്ചായത്തില്‍ അടച്ചു കൊള്ളാമെന്ന് അധികൃതര്‍ സമ്മതിക്കുകയും ചെയ്തു. രണ്ട് മാസങ്ങളായിട്ടും പണം അടക്കാത്തതിനാല്‍ ഇത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. ഇതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ ടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ മൂലമറ്റം ടൗണിലേക്ക് ഒഴുകിയത്. മാലിന്യമൊഴുകുന്നത് തടയണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മാലിന്യം ഒഴുകുന്നതിനെ തുടര്‍ന്ന് മിക്കവാറും ദിവസങ്ങളില്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തിലെ ഒരു മെമ്പര്‍മാരും പ്രശനത്തില്‍ ഇടപെടുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ടോമി വാളികുളം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മുട്ടം, കാഞ്ഞാര്‍, കുളമാവ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

ശുചിമുറി ബി.ജെ.പി പ്രവര്‍ത്തകര്‍ പൂട്ടി

മാലിന്യമൊഴുകുന്ന ശുചിമുറി ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂട്ടി. ഇത് സംബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് പഞ്ചായത്ത് മെമ്പര്‍ പി.എ. വേലുക്കുട്ടന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ശുചി മുറി പൂട്ടിയത്. എം.കെ. രാജേഷ്, എം.ജി. ഗോപാലകൃഷ്ണന്‍, സൗമ്യ എം. അനില്‍ കുമാര്‍, ബഞ്ചിന്‍ ബിജു, സാജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!