Thodupuzha

തൊണ്ടിവാഹനങ്ങളാല്‍ ശ്വാസം മുട്ടി പൊലീസ് സ്റ്റേഷനുകള്‍

തൊടുപുഴ: കേസുകളില്‍പെട്ടും മറ്റുമായി സ്റ്റേഷന്‍ പരിസരത്ത് കൊണ്ടിടുന്ന വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകള്‍.പലയിടങ്ങളും വാഹനങ്ങള്‍ കാടുമൂടി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിക്കഴിഞ്ഞു. ലോറിയും കാറും ബൈക്കും ജീപ്പുമടക്കം നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ കാടുമൂടിയും തുരുമ്ബെടുത്തും നശിക്കുന്നത്. വേനല്‍ കടുത്തതോടെ തീപിടിക്കാനുള്ള സാധ്യതയുമേറി.

അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നിരവധി വാഹനങ്ങളാണ് ഇങ്ങനെ സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്നത്. ജില്ലയിലെ സ്റ്റേഷനുകളില്‍ ഇങ്ങനെയുള്ള അഞ്ഞൂറിലധികം വാഹനങ്ങളുണ്ടെന്നാണ് വിവരം. തൊടുപുഴ പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ പരിസരത്ത് മാത്രമുള്ളത് നൂറിലധികം വാഹനങ്ങളാണ്. അതില്‍ പലതും ഉപയോഗശൂന്യമാണ്. കുമളി, കമ്ബംമെട്ട് തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ലഹരി കടത്തിന് ഉപയോഗിച്ച വാഹനങ്ങളടക്കം പിടിച്ചെടുത്തവയിലുണ്ട്.

കുമളി, വണ്ടന്‍മേട്, മറയൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ മണല്‍ കടത്തിയ വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ഇത്തരം കേസുകള്‍ തീരാന്‍ ഏറെക്കാലമെടുക്കും. അത്രയുംകാലം വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്ത് കിടക്കും. കേസില്‍പെട്ട വാഹനങ്ങള്‍ കോടതി നിയന്ത്രണത്തിലായതിനാല്‍ ലേലം ചെയ്യണമെങ്കിലും കോടതി അനുമതി വേണം.

ഉപ്പുതറ -നാല്, വണ്ടിപ്പെരിയാര്‍ -21, കട്ടപ്പന -50, വണ്ടന്‍മേട് -20, കുമളി -23, മുട്ടം -16, കാളിയാര്‍ -31, പീരുമേട് -66, പെരുവന്താനം -15, മറയൂര്‍ -42, വാഗമണ്‍ -16, കരിങ്കുന്നം -മൂന്ന്, നെടുങ്കണ്ടം – ഒമ്ബത്, കമ്ബംമെട്ട് -30, ഇടുക്കി -46, മുരിക്കാശ്ശേരി -15, തങ്കമണി -രണ്ട്, കഞ്ഞിക്കുഴി -25 എന്നിങ്ങനെയാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഏകദേശ കണക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍വരെ സ്റ്റേഷന്‍ പരിസരങ്ങളിലുണ്ട്. പൊലീസ് നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളില്‍ ചിലത് തിരിച്ചെടുക്കാന്‍ ഉടമകള്‍ വരാത്ത സംഭവങ്ങളുമുണ്ട്. വ്യക്തമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങളും പലരും ഉപേക്ഷിക്കാറുണ്ട്.

 

Related Articles

Back to top button
error: Content is protected !!