Thodupuzha

മൂവാറ്റുപുഴ-തേനി സംസ്ഥാന പാത: കോട്ട റോഡില്‍ സര്‍ക്കാര്‍ ഭൂമി വിലനല്‍കി ഏറ്റെടുക്കണമെന്ന റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം

 

തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായ കോട്ട റോഡില്‍ വാഴക്കാല സ്‌കൂള്‍ ജങ്ഷന്‍ മുതല്‍ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള സര്‍ക്കാര്‍ ഭൂമി വിലനല്‍കി ഏറ്റെടുക്കണമെന്ന റിപ്പോര്‍ട്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ മാറാടികുന്നേല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പാതയുടെ രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട് പെരുമാംങ്കണ്ടം മുതല്‍ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള ഭാഗത്തെ തടസങ്ങള്‍ നീക്കി മുന്‍ സര്‍വേ പ്രകാരം അളന്നു തിരിച്ച് കല്ലിടുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സര്‍വേ ഡയറക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍വേ ഡയറക്ടര്‍ ഇതു ജില്ലാ കലക്ടര്‍ക്ക് കൈമാറി. ഇവിടെ നിന്നു ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് തൊടുപുഴ താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി.നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കുമാരമംഗലം വില്ലേജില്‍ ഉള്‍പ്പെടുന്ന പെരുമാങ്കണ്ടം മുതല്‍ കോടിക്കുളം വില്ലേജ് അതിര്‍ത്തിവരെയുള്ള ഭാഗം മുന്‍ താലൂക്ക് സര്‍വേയര്‍ റിക്കാര്‍ഡ് പരിശോധിച്ച് പുനര്‍നിര്‍ണയം നടത്തിയിരുന്നു. ഇതനുസരിച്ച് ഈസ്റ്റ്കലൂര്‍ ഭാഗത്ത് 200 മീറ്റര്‍ ഒഴികെ ശേഷിക്കുന്ന ഭാഗം മണ്‍റോഡ് നിര്‍മിച്ചിട്ടുള്ളതാണ്. ഈ ഭാഗത്തെ റോഡ് പുറമ്പോക്ക് അതിര്‍ത്തി വീണ്ടും പുനര്‍നിര്‍ണയം നടത്തണമെന്ന് പി.ഡബ്ല്യു.ഡി അധികൃതര്‍ ആവശ്യപ്പെട്ടിട്ടില്ല. മണ്‍റോഡില്‍ ഏതാനും ഭാഗത്ത് കൃഷി ദേഹണ്ഡങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോട്ടക്കവല ഭാഗത്തുനിന്നും 70 മീറ്ററോളം നീളത്തിലും ആറുമീറ്ററോളം വീതിയിലും പുറമ്പോക്ക് ടാറിങ് നടത്തിയതും 85 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലും പുറമ്പോക്ക് മണ്‍റോഡ് ഭാഗത്തോട് ചേര്‍ന്ന് 12 മീറ്റര്‍ വീതിയിലും 64 മീറ്റര്‍ നീളത്തിലും തരിശ്സ്ഥലവുമുണ്ട്. തുടര്‍ന്ന് കുമാരമംഗലം വില്ലേജ് അതിര്‍ത്തിവരെയുള്ള 850 മീറ്ററില്‍ കൃഷി ദേഹണ്ഡങ്ങളുമുണ്ട്. കരിമണ്ണൂര്‍ വില്ലേജിലെ മുന്‍ റിക്കാര്‍ഡനുസരിച്ച് പുറമ്പോക്ക് ഇല്ലാത്തതുമാണ്. ഈ സാഹചര്യത്തില്‍ കോട്ടക്കവല മുതല്‍ കുമാരമംഗലം വില്ലേജ് അതിര്‍ത്തിവരെ റോഡ് നിര്‍മിക്കണമെങ്കില്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് റോഡ് നിര്‍മിക്കുന്നതിനു പകരം കൃഷി ദേഹണ്ഡങ്ങളുണ്ടെന്നും അതിനാല്‍ പൊന്നുംവില നല്‍കി ഏറ്റെടുക്കണമെന്നുമുള്ള റിപ്പോര്‍ട്ട് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ മാറാടികുന്നേല്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!