ChuttuvattomThodupuzha

തൊടുപുഴ പട്ടണം പകര്‍ച്ചവ്യാധിയുടെ പിടിയില്‍:മാലിന്യ നീക്കത്തിന് പദ്ധതി വേണമെന്ന് അഡ്വ. ജോസഫ് ജോണ്‍

തൊടുപുഴ: നഗരസഭയില്‍ മാലിന്യ നീക്കവും സംസ്‌കരണവും അവസാനിപ്പിച്ചതിനേ തുടര്‍ന്ന് നഗരത്തില്‍ മാലിന്യം കുന്ന് കൂടി നഗരം പകര്‍ച്ചവ്യാധികളുടെ പിടിയിലാകുന്ന സ്ഥിതിയിലാണെന്നും ഗൗരവമായ ഈ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ അഡ്വ. ജോസഫ് ജോണ്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു മാസങ്ങളായി തൊടുപുഴ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള ജൈവമാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. പട്ടണത്തിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഓരോ ദിവസവും കുറഞ്ഞത് മൂന്ന് ടണ്‍ ജൈവ മാലിന്യം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. തൊടുപുഴ വെസ്റ്റ് മാര്‍ക്കറ്റിലെ പച്ചക്കറി മാലിന്യം അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബയോഗ്യാസ് പ്ലാന്റില്‍ സംസ്‌കരിച്ചിരുന്നതാണ്. എന്നാല്‍ 2000 കിലോ ദിവസേന സംസ്‌കരണശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ്് പ്രവര്‍ത്തനരഹിതമായി. ബയോഗ്യാസ് പ്ലാന്റിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഇത് പ്രവര്‍ത്ഥനക്ഷമമാക്കിയാല്‍ പകുതി മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കാന്‍ കഴിയും. ബാക്കിയുള്ളവ ശേഖരിക്കുന്നത് സംസ്‌കരിക്കാന്‍ അടിയന്തര നടപടി വേണം. ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനരഹിതമാകുകയും മാലിന്യനീക്കം നിര്‍ത്തിവയ്ക്കുകയും ചെയ്തത് പട്ടണത്തില്‍ പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്. തൊടുപുഴ മാര്‍ക്കറ്റിലും സമീപത്തെ വിജനമായ പുരയിടത്തിലും ഉള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യം കുന്നു കൂടിയിരിക്കുന്നത് ഗൗരവമായ സ്ഥിതിവിശേഷം ജനിപ്പിച്ചിരിക്കുകയാണ്.
തൊടുപുഴ പട്ടണത്തിലെ ശുചീകരണ തൊഴിലാളികള്‍ ദിവസേന അടിച്ചുവാരുന്ന പൊതു മാലിന്യങ്ങളും നീക്കം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവ അടിച്ചു വാരി പരസ്യമായി കത്തിക്കുകയാണ്. ഈ മാലിന്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഈ മാലിന്യം കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. പാറക്കടവിലെ ഡമ്പിങ് യാര്‍ഡില്‍ ജൈവമാലിന്യ സംസ്‌കരണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷെഡ് നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ ജൈവമാലിന്യ സംസ്‌കരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അവിടെ സംസ്‌കരണം ആരംഭിക്കുകയും പട്ടണത്തിലെ ജൈവ മാലിന്യം നീക്കം ചെയ്യുകയും ചെയ്താല്‍ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. ഇത്ര ഗുരുതരമായ പ്രതിസന്ധി ഉണ്ടായിട്ടും നഗരസഭ നേതൃത്വം പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. നഗരമാലിന്യം നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും തൊടുപുഴ നഗരസഭ അടിയന്തരമായി നടപടി സ്വീകരിക്കുകയും പകര്‍ച്ചവ്യാധികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!