Thodupuzha

അയല്‍വാസി അനധികൃത നിര്‍മ്മാണം; സ്വന്തം വീട്ടില്‍ കിടന്നുറങ്ങാനാവാതെ കുടുംബം

തൊടുപുഴ: അയല്‍വാസി കെട്ടിടനിര്‍മ്മാണത്തിനായി അനധികൃതമായി മണ്ണെടുത്തതിനെ തുടര്‍ന്ന് അപകടഭീഷണിയിലായ വീട്ടില്‍ കിടന്നുറങ്ങാനാവാതെ ഒരു കുടുംബം.കോതായിക്കുന്നില്‍ താമസിക്കുന്ന ചീനിത്തൊട്ടിയില്‍ സി.എസ്. ഹുസൈനും കുടുംബവുമാണ് ദുരിതത്തിലായത്. കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ നിന്ന് കോതായിക്കുന്ന് നഗരസഭാ ബസ് സ്റ്റാൻഡിലേക്കുള്ള ബൈപ്പാസിനരികിലെ കുന്നിൻ ചെരിവിലാണ് ഹുസൈനും ഭാര്യയും നഴ്‌സിങ്, ഡിഗ്രി, പത്താം ക്ലാസ് എന്നിങ്ങനെ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളും താമസിക്കുന്ന വീട്. ഏതാനും മാസങ്ങള്‍ മുമ്ബാണ് ഹുസൈന്റെ വീടിന് താഴെ ഭാഗത്തുള്ള അയല്‍വാസിയുടെ ഭൂമിയില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇതിനായി ഹുസൈന്റെ വീടിനോട് ചേര്‍ന്നുള്ള ഭാഗം വരെ മണ്ണെടുപ്പ് നടത്തി. ഇത് മൂലം വീട് ഒരു മണ്‍തിട്ടയുടെ മുകളിലായ അവസ്ഥയിലായി. ഈ ഭാഗം ഏത് നിമിഷവും ഇടിഞ്ഞ് വീടുള്‍പ്പെടെ താഴേക്ക് പതിക്കാവുന്ന സാഹചര്യത്തിലാണെന്ന് ഹുസൈൻ പറയുന്നു. 20 ലക്ഷത്തോളം രൂപാ വായ്പയെടുത്താണ് ഹുസൈൻ ഈ വീട് പണി തീര്‍ത്തത്. ഇതിന്റെ വായ്പ അടച്ച്‌ തുടങ്ങിയതേയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട് വില്‍ക്കാനും താമസിക്കാനും പറ്റാത്ത അവസ്ഥയിലാണ്. ജോലി സമ്ബാദിച്ച്‌ വീടിന്റെ കടം വീട്ടണമെന്ന ആഗ്രഹമായിരുന്നു തങ്ങള്‍ക്കെന്നും എന്നാലിപ്പോള്‍ ഈ വീട്ടില്‍ താമസിക്കാൻ ഭയമാണെന്നും ഇവിടിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികളായ മക്കള്‍ പറയുന്നു. വിദേശത്തായിരുന്ന ഹുസൈൻ അടുത്ത കാലത്താണ് നാട്ടില്‍ മടങ്ങിയെത്തിയത്. ശാരീരിക പ്രശ്‌നങ്ങള്‍ മൂലം പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങി പോകാനായിരുന്നില്ല. നിലവില്‍ വീടിന് സമീപത്ത് തന്നെയുള്ള പച്ചക്കറി വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടെയാണ് വായ്പയെടുത്ത് നിര്‍മ്മിച്ച വീടും അപകടാവസ്ഥയിലായത്. സുരക്ഷിതമല്ലാത്തതിനാല്‍ അയല്‍വാസിയുടെ പുരയിടത്തിലെ നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കുന്ന താല്‍ക്കാലിക ഷെഢിലാണ് ഹുസൈനും കുടുംബവും അന്തിയുറങ്ങുന്നത്. സംഭവത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹുസൈനും കുടുംബവും തൊടുപുഴ പൊലീസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

വാക്ക് തെറ്റിച്ച്‌ നിര്‍മ്മാണം

 

അയല്‍വാസി മുൻ ധാരണകള്‍ തെറ്റിച്ച്‌ നടത്തിയ നിര്‍മ്മാണമാണ് ഹുസൈന്റേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് സ്ഥലത്തെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്ബ് നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ ഹുസൈന്റെ വീടിന് 10 അടി ദൂരത്തില്‍ മാത്രമേ മണ്ണെടുക്കൂ എന്ന് അയല്‍വാസി പറഞ്ഞിരുന്നതാണ്. എന്നാല്‍ ഹുസൈന്റെ വീടിന് സമീപത്ത് വലിയ ഷീറ്റ് കൊണ്ട് മറയുണ്ടാക്കി കാഴ്ച മറച്ച ശേഷമായിരുന്നു നിര്‍മ്മാണമെന്നും സാമൂഹിക പ്രവര്‍ത്തകനായ വിൻസന്റ് വള്ളിയില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!