ChuttuvattomThodupuzha

തൊടുപുഴ വിഎച്എസ് സ്‌കൂളില്‍ തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

തൊടുപുഴ: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ യൂണിറ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. മാലിന്യമുക്തം നവകേരളം കേരളം 2023 ക്യാമ്പയിനിന്റെ ഭാഗമായി തൊടുപുഴയെ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ കരീം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍കുഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി. തൊടുപുഴ വിഎച്എസ്എസ്, ഹൈസ്‌കൂള്‍, ബിഎഡ് സെന്റര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ ഇനിമുതല്‍ തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ യുണിറ്റില്‍ നിക്ഷേപിക്കും. അജൈവ പാഴ്‌വസ്തുക്കള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറും. ജൈവമാലിന്യം വളമാക്കുന്നതിനുള്ള ബാക്ടീരിയ ഉണ്ടാകുന്നതിനായി അഞ്ചിഞ്ച് കനത്തില്‍ ചാണകമിട്ട് അതിനുമുകളില്‍ അഞ്ചിഞ്ച് കനത്തില്‍ ജൈവമാലിന്യം നിക്ഷേപിച്ച് ഇനോകുലം സ്‌പ്രേ ചെയ്താണ് മാലിന്യ സംസ്‌കരണം. 90 ദിവസം കൊണ്ട് മാലിന്യം വളമായി മാറും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം – ആസാദി കാ അമൃത് മഹോത്സവം സമാപനത്തിന്റെ ഭാഗമായി നടക്കുന്ന മേരി മിട്ടി മേരാ ദേശ് – എന്റെ മണ്ണ് എന്റെ ദേശം ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളില്‍ വൃക്ഷ തൈകള്‍ നട്ടു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ കരിം, വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷ തൈനടല്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വാസന്തി ടി.സി, പ്രിന്‍സിപ്പല്‍ സ്മിത രാജം വര്‍ഗീസ്, പി.ടി.എ പ്രസിഡന്റ് സുധീന്ദ്രന്‍ കാപ്പില്‍, എസ്എംസി ചെയര്‍മാന്‍ മുഹമ്മദ് ഫാസില്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജോ മാത്യു, പ്രദീപ് രാജ്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍എച്ച് പ്രജീഷ് കുമാര്‍, രാജേഷ് വി ഡി, സതീശന്‍ വി.പി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!