ChuttuvattomThodupuzha

തൊടുപുഴയുടെ മനംകവര്‍ന്ന് ഡിവൈ.എസ്.പി: എം.ആര്‍. മധുബാബു

തൊടുപുഴ: ചുരുങ്ങിയകാലത്തെ സര്‍വീസിനിടെ തൊടുപുഴയിലെ സാധാരക്കാര്‍ക്ക് പോലും പ്രിയപ്പെട്ടവനായി മാറിയ ഡിവൈ.എസ്.പി എം.ആര്‍. മധുബാബു തൊടുപുഴയില്‍ നിന്ന് പടിയിറങ്ങുന്നു. ഇടുക്കിയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായാണ് സ്ഥലംമാറ്റം. എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പിയായിരിക്കവെ ഒരു വര്‍ഷം മുമ്പാണ് തൊടുപുഴയിലേക്ക് മധുബാബു എത്തുന്നത്. വളരെ വേഗത്തില്‍ തന്നെ തൊടുപുഴയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹം അടുത്തറിയാന്‍ ശ്രമിച്ചു. മാധ്യമ പ്രവര്‍ത്തകരുമായും വലിയ ബന്ധം സൂക്ഷിച്ചതിനൊപ്പം സോഷ്യല്‍ മീഡിയയിലും അദ്ദേഹം എപ്പോഴും നിറ സാന്നിധ്യമായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേസുകള്‍ പിടികൂടി നടപടി കര്‍ശനമാക്കിയതോടെ ജനങ്ങളില്‍ വലിയ മതിപ്പുണ്ടായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൊടുപുഴ മേഖലയില്‍ നിന്ന് മാത്രം നൂറിലധികം മയക്ക് മരുന്ന് കേസുകളാണ് പിടികൂടിയത്. പലപ്പോഴും പിടിയിലാകുന്നവര്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടായിട്ടും ഇതെല്ലാം മറികടന്ന് കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോയി. കഞ്ചാവ്, എം.ഡി.എം.എ ഉപയോഗിക്കുന്നവരടക്കം കേസിന്റെ ഇരട്ടിയോളം വരും അറസ്റ്റിലായവര്‍. വലിയ തോതില്‍ മണ്ണ്, പാറഖനനം തൊടുപുഴ കേന്ദ്രീകരിച്ച് കാലങ്ങളായി നടന്ന് വരികയായിരുന്നു. ഡിവൈ.എസ്.പിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഇത്തരത്തിലുള്ള നിരവധി വാഹനങ്ങളാണ് പിടികൂടിയത്. പോലീസ് സേനയില്‍ നിന്ന് മികച്ച പിന്തുണകൂടി ലഭിച്ചതോടെ നിരവധി ചീട്ടുകളി കേസുകളും മോഷണ കേസുകളം അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ഇടുക്കിയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായി സ്ഥലമാറ്റ അറിയിപ്പ് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ യാത്രയയപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. ആര്‍ക്കും പരാതിയുമായി സമീപിക്കാനാകുന്ന എപ്പോഴും
ഫോണിലടക്കം ബന്ധപ്പെട്ടാല്‍ ലഭിക്കുന്ന ഉദ്യോഗസ്ഥനായി അദ്ദേഹം വളരെ വേഗം മാറി. ജില്ലയില്‍ തന്നെ ഇത്രത്തോളം ജനങ്ങള്‍ക്ക് സ്വീകാര്യനായി മാറിയ ഉദ്യോഗസ്ഥന്‍ മുമ്പ് ജോലി ചെയ്തിട്ടില്ല. പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയാണ് മധുബാബു. പഠന ശേഷം വര്‍ഷങ്ങളോളം പാരലല്‍ സ്‌കൂള്‍ അധ്യാപകനായി ജോലി നോക്കി. ഇതിന്റെ ഇടവേളകളില്‍ ജീവിത മാര്‍ഗത്തിനായി മാധ്യമ രംഗത്തും ജോലി ചെയ്തു. ഔദ്യോഗിക ജീവിതം ആരംഭിച്ചത് റവന്യൂ ക്ലര്‍ക്കായി ആണ്. രണ്ട് വര്‍ഷത്തോളം ഇവിടെ സേവനം അനുഷ്ടിച്ചു. പിന്നാലെയാണ് 2003 ബാച്ചിലെ എസ്.ഐ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. 2018ലാണ് ഡിവൈ.എസ്.പിയായി പ്രൊമോഷന്‍ ലഭിക്കുന്നത്. ഭാര്യ: ഹയര്‍സെക്കന്‍ഡറി അധ്യാപികയായ മഞ്ജു പി. ഏകമകള്‍ ഭൂമിക മധു(വിദ്യാര്‍ത്ഥിനി).

 

Related Articles

Back to top button
error: Content is protected !!