Thodupuzha

ജില്ലാ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റിനെ നിയമിക്കുന്നത്  പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്   

തൊടുപുഴ: തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നെഫ്രോളജി കണ്‍സള്‍ട്ടന്റിന്റെ തസ്തിക സൃഷ്ടിക്കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നെഫ്രോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. രണ്ടാമതൊരു ഡയാലിസിസ് ബാച്ച് ആരംഭിക്കുന്നതിന് ആര്‍.ഒ പ്ലാന്റ് ഇന്‍സ്റ്റലേഷനായുള്ള നടപടി സ്വീകരിച്ചു വരികയാണ്. ആശുപത്രിയില്‍ 137 തസ്തികകള്‍ അനുവദിച്ചിട്ടുള്ളതില്‍ 50 എണ്ണം ഡോക്ടര്‍മാരുടെ തസ്തികകളാണ്. മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, അനസ്‌തേഷ്യ, പീഡിയാട്രിക്‌സ്, സൈക്യാട്രി, ഡര്‍മറ്റോളജി, ഇ.എന്‍.ടി, ഒഫ്താല്‍മോളജി, ഗൈനക്കോളജി, ഡെന്റല്‍ എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കു പുറമേ കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങളും വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ന്യൂറോളജി, ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ സ്ഥാപനങ്ങളിലും നിശ്ചിത മാനദണ്ഡങ്ങളോടെ സൗകര്യങ്ങള്‍ ക്രമീകരിക്കുന്ന നയമാണ് ആരോഗ്യ വകുപ്പ് തുടര്‍ന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 29 പേര്‍ക്കാണ് ഡയാലിസിസ് നടത്തുന്നതെന്നും അമ്പതിലധികം പേര്‍ വെയിറ്റിങ് ലിസ്റ്റിലുണ്ടെന്നും ജോസഫ് പറഞ്ഞു. നെഫ്രോളജിസ്റ്റ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നിവരുടേതടക്കമുള്ള തസ്തിക അടിയന്തരമായി സൃഷ്ടിക്കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!