Thodupuzha

നഗരസഭയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ല: ബി.ജെ.പി പ്രതിഷേധിച്ചു

തൊടുപുഴ: നഗരസഭയിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലെ സ്ത്രീ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നില്ലെന്ന് ആരോപിച്ച് നഗരസഭ കൗണ്‍സിലില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. കാഞ്ഞിരമറ്റത്തെ പ്ലാസ്റ്റിക് ഷ്രഡിങ്ങ് യൂണിറ്റിലെ രണ്ട് ജീവനക്കാര്‍ക്കു് എട്ടു മാസമായി ശമ്പളം നല്‍കിയിട്ടില്ല. ഓണത്തിന് പോലും ശമ്പളം നല്‍കാന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റു് തയാറായില്ലെന്ന്് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ചെക്ക് എഴുതി വെച്ചിരിക്കുന്നു എന്ന് ഹെല്‍ത്ത് സൂപ്രണ്ട് പറഞ്ഞെങ്കിലും തിരുവേണത്തിന് പോലും പണം നല്‍കിയില്ല. പോലും മുനിസിപ്പല്‍ ചെയര്‍മാന്‍ സ്വന്തം കൈയില്‍ നിന്ന് പതിനയ്യായിരം രൂപ വീതം നല്‍കുകയായിരുന്നു. എന്നാല്‍ ഇന്നുവരെ ബാക്കി ശമ്പളം നല്‍കിയിട്ടില്ല.

കാഞ്ഞിരമറ്റത്ത് പ്ലാസ്റ്റിക് ഷ്രഡിങ്ങ് യൂണിറ്റ് തുടങ്ങാന്‍ 34 വാര്‍ഡുകാരും മടിച്ചു നിന്നപ്പോള്‍ കാഞ്ഞിരമറ്റം 24-ാം വാര്‍ഡില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് സമ്മതം വാങ്ങിയാണ് 35 വാര്‍ഡിലെയും ശേഖരിക്കുന്ന പ്ലാസ്റ്റിക് ശേഖരിച്ച് കൊണ്ടുവരുന്നത് പൊടിക്കുന്ന യൂണിറ്റ് തുടങ്ങിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടി.എസ്. രാജന്‍ പറഞ്ഞു. രണ്ടു സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. അവര്‍ക്ക് ശമ്പളം കൊടുക്കാതെ കോവിഡ് ദുരിതകാലത്തും നഗരസഭ വച്ച് താമസിപ്പിക്കുകയാണെന്ന് ടി.എസ് രാജന്‍ കുറ്റപ്പെടുത്തി. എത്രയും വേഗം അവര്‍ക്ക് നല്‍കാനുള്ള ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍മാരായ എട്ടു പേരും ശൂന്യവേളയില്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കൊടുക്കാനുള്ള കുടിശിക ശമ്പളം നല്‍കാമെന്ന് സെക്രട്ടറി കൗണ്‍സിലില്‍ ഉറപ്പ് നല്‍കിയ ശേഷമാണ് ഇവര്‍ സമരം അവസാനിപ്പിച്ചത്. ടി.എസ്.രാജന്‍ വിഷയം ഉന്നയിക്കുകയും ബി.ജെ.പി പാര്‍ലമെന്ററി ലീഡര്‍ പി.ജി രാജശേഖരന്‍ പിന്തുണയ്ക്കുകയും ചെയ്തു. ബി.ജെ.പി കൗണ്‍സിലര്‍മാരായ ജിതേഷ് സി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു പത്മകുമാര്‍, ജിഷ ബിനു, ശ്രീലക്ഷ്മി സുദീപ്, ജയലക്ഷ്മി ഗോപന്‍, കവിതാ വേണു തുടങ്ങിയവരും സമരത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!