Thodupuzha

വിദ്യാർത്ഥികൾക്ക് കോവിഡ് സപ്പോർട്ടിങ് സ്കോളർഷിപ് : പ്രചരിക്കുന്നത് വ്യാജസന്ദേശങ്ങൾ എന്ന് കേരള പോലീസ് : ഡാറ്റ ശേഖരണവും സാമ്പത്തിക തട്ടിപ്പുമാണ് ലക്ഷ്യം

സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ് സപ്പോർട്ടിംഗ് സ്കോളർഷിപ്പെന്ന പേരിൽ ധനസഹായം നൽകുന്നതായുള്ള വ്യാജ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇല്ലാത്ത സ്കോളര്ഷിപ്പിന്റെ പേരിൽ നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടത്. വ്യാജ സന്ദേശങ്ങളുടെ നിജസ്ഥിതി അറിയാതെ പേര് രജിസ്റ്റർ ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തുകയാണ്.

 

കൊവിഡ് സപ്പോർട്ടിങ് പദ്ധതി പ്രകാരം ഒന്നു മുതൽ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ കേന്ദ്ര ധനസഹായം നൽകുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. യാഥാർഥ്യമറിയാതെ അദ്ധ്യാപകരടക്കം സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. രജിസ്‌ട്രേഷൻ ഫീസായി 100 രൂപ മാത്രം ഈടാക്കുന്നുണ്ട്. കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പു സംഘങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ നൽകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനാണ് സാദ്ധ്യത.

 

സോഷ്യൽ മീഡിയകൾ വഴി ‘അഞ്ചാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ 4,000 രൂപ കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ് നൽകുന്നു’ എന്ന വ്യാജ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇതും വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിരുദ വിദ്യാർഥികൾക്ക് 15,000 രൂപയുടെ സ്‌കോളർഷിപ്പ്, ലോക് ഡൗൺ കാലത്ത് വ്യാപരികൾക്ക് സർക്കാരിന്റെ ധനസഹായം, ദിവസ വേതന തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കും മൂന്ന് മാസം 10,000 രൂപ വീതം തുടങ്ങിയ വ്യാജ പ്രചാരണം കൊവിഡിന്റെ മറവിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. സർക്കാരിന്റെയും ഐ.ടി മിഷൻ, അക്ഷയ എന്നിവയുടെ ലോഗോ സഹിതമാണ് പ്രചാരണം.

 

സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഒഫീഷ്യൽ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ മാത്രമാണ് പൊതുജനങ്ങൾ വിശ്വാസത്തിൽ എടുക്കേണ്ടത്. #keralapolice

Related Articles

Back to top button
error: Content is protected !!