Thodupuzha

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പുതിയ പരിഷ്‌കാരം: സര്‍, മാഡം വിളിയില്ല

തൊടുപുഴ: സര്‍, മാഡം വിളിയില്ല…തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും കൂടുതല്‍ ജനകീയമാകുന്നു.

വിവിധ ആവശ്യങ്ങള്‍ക്കായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെത്തുന്നവര്‍ ഇനി ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ സര്‍, മാഡം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ഇനി അഭിസംബോധന ചെയ്യേണ്ടതില്ല. പകരം പേരോ സ്ഥാനപ്പേരോ ഉപയോഗിച്ച് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറയാമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ മാര്‍ട്ടിന്‍ ജോസഫാണ് ഈ ആവശ്യം അവതരിപ്പിച്ചത്. സര്‍, മാഡം വിളികള്‍ ബ്രിട്ടീഷ് രാജിന്റെ ബാക്കിപത്രമാണെന്നും പൊതുജനങ്ങള്‍ അവരുടെ സേവകരായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അങ്ങനെ വിളിക്കുന്നത് ശരിയല്ലെന്നുമായിരുന്നു മാര്‍ട്ടിന്‍ കമ്മിറ്റിയില്‍ പറഞ്ഞത്. ഭരണ- പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഇത് കൈയടിച്ച് ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. ഭരണ സുതാര്യതയുടെ ഭാഗമായി ജനങ്ങളും ജനപ്രതിനിധികളും തമ്മില്‍ ഊഷ്മളമായ ബന്ധം രൂപപ്പെടുത്തുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഈ തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് ട്രീസ ജോസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ബോര്‍ഡും സ്ഥാപിക്കും. എറണാകുളം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്താണ് ആദ്യമായി സര്‍, മാഡം വിളി ഒഴിക്കാന്‍ തീരുമാനിച്ചത്. ഈ മാതൃക പിന്തുടര്‍ന്ന് മറ്റ് തദ്ദേശസ്ഥാപനങ്ങളും രംഗത്തെത്തുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!