Thodupuzha

നവീകരിച്ച ജില്ലാ ഭാഗ്യക്കുറി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

തൊടുപുഴ : ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ശാക്തീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ലോട്ടറി ഓഫീസുകള്‍ ആധുനിക വല്‍ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരായ നിരവധിയാളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സര്‍ക്കാരിന് വലിയ തോതില്‍ വരുമാനമുണ്ടാക്കുന്നതിനും ഭാഗ്യക്കുറി വകുപ്പിലൂടെ സാധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 50,000 തില്‍ അധികം ആളുകള്‍ ലോട്ടറി ക്ഷേമനിധിയില്‍ ഇതിനോടകം അംഗങ്ങളാണ്. ഇതിന് പുറമേ ഒരുലക്ഷത്തിലധികം ആളുകള്‍ അവരുടെ കുടുംബങ്ങള്‍ക്കുള്ള വരുമാനം കണ്ടെത്തുന്നതും ലോട്ടറി വില്‍പ്പനയിലൂടെയാണെന്നത് ഈ മേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഏജന്റുമാരും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ടെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

 

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഭാഗ്യക്കുറി വകുപ്പിന്റെ വികസനത്തില്‍ സമാനതകളില്ലാത്ത വളര്‍ച്ച കൈവരിച്ച നാളുകളായിരുന്നു കഴിഞ്ഞ 5 വര്‍ഷങ്ങളെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കൂടുതല്‍ തൊഴിലവസ്സരങ്ങള്‍ സൃഷ്ടിക്കുകയും, പുതുതായി സബ് ഓഫീസുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്ന നിയലിയാണ് ഓഫീസുകളുടെ പശ്ചാതല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

പി.ജെ. ജോസഫ് എംഎല്‍എ, തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ എസ്. കാര്‍ത്തികേയന്‍, എന്നിവര്‍ സംസാരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം സുബൈര്‍ ടി.ബി., ട്രേഡ് യൂണിയന്‍ നേതാക്കളായ പി.എം. നാരായണന്‍, ടി.എസ്. ബാബു, അനില്‍ ആനിക്കനാട്, ടി.എസ് ബാബു, രമണന്‍ പടന്നയില്‍, ജോമോന്‍ തെക്കുംഭാഗം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഭാഗ്യക്കുറി ജോയിന്റ് ഡയറക്ടര്‍ സുചിത്ര കൃഷ്ണന്‍ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ലിസിയമ്മ ജോര്‍ജ് കൃതജ്ഞതയും പറഞ്ഞു.

 

തൊടുപുഴ മാതാ ഷോപ്പിംഗ് ആര്‍ക്കേഡിനു സമീപം പുളിമൂട്ടില്‍ ചാക്കോ മോളി സ്‌ക്വയറിലാണ് പുതിയ ഓഫീസ്. പുതിയ മന്ദിരത്തില്‍ ഫ്രണ്ട് ഓഫീസ്, സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍ എന്നിവയുമുണ്ട്. വൈദ്യുതീകരണം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തീയാക്കിയ പുതിയ മന്ദിരത്തില്‍ എല്ലാവിധ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ 19 സ്ഥിരം ജീവനക്കാരും, 8 താത്ക്കാലിക ജീവനക്കാരും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ 3 സ്ഥിരം ജീവനക്കാരും, ഒരു താത്ക്കാലിക ജീവനക്കാരനും ഉണ്ട്. ജീവനക്കാര്‍ക്ക് ആവശ്യമായ ക്യാബിന്‍ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പുതിയ ഒരു ഓഫീസ് മന്ദിരം ഒരുങ്ങിയത്.

 

ചിത്രം

ഇടുക്കി ജില്ലലോട്ടറി ഓഫീസ് തൊടുപുഴയില്‍ പുതുക്കി നിര്‍മ്മിച്ചതിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ സമീപം

Related Articles

Back to top button
error: Content is protected !!