Thodupuzha

യുവാക്കളുടെ ദാരുണ മരണം: പുറപ്പുഴ ഗ്രാമത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യഞ്ജലി

തൊടുപുഴ: മൂവാറ്റുപുഴ തൃക്കളത്തൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ചു മരിച്ച കാര്‍ യാത്രികാരായ സഹോദരങ്ങള്‍ ഉള്‍പ്പെടയുള്ള യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മൃതദേഹങ്ങള്‍ പുറപ്പുഴയിലെ വസതിയില്‍ എത്തിച്ചപ്പോഴാണ് ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. പുറപ്പുഴ കുന്നേല്‍ ബാബുവിന്റേയും രജനിയുടേയും മക്കളായ വിഷ്ണു (25), അരുണ്‍ (22), പുറപ്പുഴ മൂക്കിലിക്കാട്ട് രാജേന്ദ്രന്‍ പിള്ളയുടെയും സജിനിയുടെയും മകന്‍ ആദിത്യന്‍ (23) എന്നിവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകിട്ട് 5.20 ഓടെയാണ് മൂന്ന് ആംബുലന്‍സുകളിലായി വീട്ടിലെത്തിച്ചത്. മരിച്ചവര്‍ സഹോദരിമാരുടെ മക്കളാണ്. വിഷ്ണുവിന്റെയും അരുണിന്റെയും മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും ആദിത്യന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മൃതദേഹങ്ങള്‍ മൂന്ന് ആംബുലന്‍സുകളിലായി ഒരേ സമയം പുറപ്പുഴ ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഒരു നാട് മുഴുവന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴിയോരങ്ങളില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. വിഷ്ണുവിന്റേയും അരുണിന്റേയും വീട്ടിലായിരുന്നു ആദ്യം പൊതുദര്‍ശനം. തുടര്‍ന്ന് ആദിത്യന്റെ മൃതദേഹം കഠാരക്കുഴിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മക്കളുടെ ഓമനപ്പേരുകള്‍ വിളിച്ച് നെഞ്ചുപൊട്ടി കരയുന്ന ഇവരുടെ അച്ഛനമ്മമാരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വന്നവരെല്ലാം കുഴങ്ങി. വൈകിട്ട് ഏഴോടെ മൂവരുടെയും സംസ്‌കാരം നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. എം.എല്‍.എമാരായ പി.ജെ.ജോസഫ്, മാത്യു കുഴല്‍നാടന്‍, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി.മത്തായി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, സി.പി.എം. ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍.സോമന്‍ അന്തോപചാരം അര്‍പ്പിച്ചു.

Related Articles

Back to top button
error: Content is protected !!