Thodupuzha

യാത്രകാര്‍ക്ക് ഭീഷണിയായി ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍

തൊടുപുഴ: കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹന യാത്രികര്‍ക്കും ഭീഷണിയായി തൊടുപുഴ വെള്ളിയാമറ്റം റൂട്ടില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍. തിരക്കേറിയ സമയങ്ങളില്‍ ഉള്‍പ്പെടെ അമിതഭാരവുമായാണ് ടിപ്പറുകള്‍ പായുന്നത്. ഭാരം കയറ്റുന്നതിലോ വേഗത്തിലോ സമയക്രമത്തിലോ ഒരു മാനദണ്ഡവും പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

മേഖലയില്‍ ക്വാറികളും ക്രഷറുകളും വര്‍ധിച്ചതോടെയാണ് വെള്ളിയാമറ്റം റൂട്ടില്‍ ടിപ്പറുകളുടെ എണ്ണം പെരുകിയത്. സുരക്ഷാഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ കല്ലുമായി പോകുന്ന ടിപ്പറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതരും തയാറാകുന്നില്ല. ചില ലോറികള്‍ കല്ലുകള്‍ മൂടാതെയും ഏതു സമയവും റോഡിലേക്ക് തെറിച്ചുവീഴാവുന്ന വിധത്തിലുമാണ് കൊണ്ടുപോകുന്നത്.
ലോറികളുടെ അമിതവേഗം കൂടിയാകുമ്പോള്‍ അപകട ഭീഷണി വര്‍ധിക്കുന്നു. നിയമം ലംഘിച്ചുള്ള ടിപ്പറുകളുടെ മത്സരയോട്ടം നിരത്തുകളില്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. കൂടുതല്‍ ലോഡിന് കൂടുതല്‍ കൂലി കിട്ടുമെന്നതാണ് മത്സരയോട്ടത്തിന് കാരണം. കഴിഞ്ഞ ദിവസം ഇടവെട്ടിയില്‍ ഭാരം കയറ്റിവന്ന ടിപ്പര്‍ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിയുകയും അഞ്ചിരിഭാഗത്ത് ടിപ്പറിടിച്ച് കാര്‍ തകരുകയും ചെയ്തിരുന്നു.

അമിത വേഗത്തിലെത്തുന്ന ടിപ്പറുകളെ ഭയന്ന് പ്രധാന ജംഗ്ഷനുകളില്‍പോലും റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടക്കാര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. നിയമലംഘനവും മത്സരയോട്ടവും അധികൃതരുടെ കണ്‍മുന്നിലാണെങ്കിലും കണ്ടില്ലെന്ന് നടിക്കുന്നു.
ചെറിയ കാരണങ്ങള്‍ക്കുപോലും ഇരുചക്രവാഹനയാത്രികരെ പിടികൂടുന്നവര്‍ അനധികൃത ക്വാറികളില്‍നിന്നടക്കം അമിതഭാരവുമായി പായുന്ന ടിപ്പറുകള്‍ പരിശോധിക്കാന്‍ തയാറാകുന്നില്ല. വലിയ ടോറസ് ലോറികള്‍ പ്രഭാത സവാരിക്കാരെയും കാല്‍നടക്കാരെയും ചെറിയ വാഹനങ്ങളെയും അവഗണിച്ചാണ് കുതിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ നിരന്തര ഓട്ടം മൂലം റോഡുകള്‍ പലതും അറ്റകുറ്റപ്പണിക്ക് പിന്നാലെ തകരുന്നതായും പരാതിയുണ്ട്.

Related Articles

Back to top button
error: Content is protected !!