ChuttuvattomThodupuzha

തുടങ്ങനാട് സ്പൈസസ് പാര്‍ക്ക്; നിര്‍മ്മാണം അവസാന ഘട്ടത്തില്‍

തൊടുപുഴ: മുട്ടം തുടങ്ങനാട് സ്പൈസസ് പാര്‍ക്കിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നു. ഈ മാസം അവസാനത്തോടെ നിര്‍മ്മാണ പ്രവൃത്തികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനം വൈകാനാണ് സാധ്യത. തുടങ്ങനാട്ടിലെ 15 ഏക്കര്‍ സ്ഥലത്താണ് നിലവില്‍ സ്പൈസസ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ശേഷിക്കുന്ന 18 ഏക്കര്‍ സ്ഥലത്ത് നിര്‍മാണം ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. 20 കോടി രൂപ മുതല്‍ മുടക്കിയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയിരിക്കുന്നത്.  നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം സംരംഭകര്‍ക്ക് സ്ഥലം അനുവദിച്ച് നല്‍കും. സ്പൈസസ് അനുബന്ധ വ്യവസായികള്‍ക്കാണ് സ്ഥലം അനുവദിച്ച് നല്‍കുക. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് കരാര്‍ ചെയ്ത് നല്‍കുന്നത് തരിശു സ്ഥലമാണ്. അതില്‍ നിര്‍മാണവും മറ്റും നടത്തേണ്ടത് കരാര്‍ എടുക്കുന്ന വ്യവസായികളാണ്. എന്നാല്‍ വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ശൗചാലയം എന്നിവ സ്പൈസസ് ബോര്‍ഡ് ഒരുക്കി നല്‍കും. 30 ലധികം സംരംഭകര്‍ ഇതിനോടകം തന്നെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു സെന്റ് സ്ഥലത്തിന് ശരാശരി രണ്ട് ലക്ഷം രൂപയോളം നല്‍കേണ്ടി വരും. കൂടാതെ വൈദ്യുതി, വെള്ളം, കാവല്‍ക്കാരന്‍ തുടങ്ങിയവര്‍ക്കായി നിശ്ചിത ശതമാനം തുകയും സംരഭകര്‍ സ്പൈസസ് പാര്‍ക്കിന് നല്‍കണം.

90 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധയിട്ടെങ്കിലും ഏറ്റെടുത്തത് 33.57 ഏക്കര്‍ മാത്രം

സ്പൈസസ് പാര്‍ക്കിനായി 90 ഏക്കര്‍ ഏറ്റെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 33.57 ഏക്കര്‍ മാത്രമാണ് നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്. തൊടുപുഴ ലാന്റ് അക്വിസിഷന്‍ വിഭാഗത്തിനായിരുന്നു സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടതിന്റെ ചുമതല. 33.57 ഏക്കര്‍ ഏറ്റെടുത്താല്‍ മതിയെന്ന് സ്പൈസ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചതോടെ അതില്‍ നിജപ്പെടുത്തി. 2021 ഫെബ്രുവരി മാസം എട്ടാം തീയതിയാണ് മന്ത്രി ഇ.പി ജയരാജന്‍ തുടങ്ങനാട് സൈപസസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തിയത്. ശേഷം മാസങ്ങളോളം നിര്‍മാണം ആരംഭിക്കാനാവാതെ കിടന്നു.
ഏലം, കുരുമുളക് എന്നിവ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007 കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് 27 കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതിയുടെ തുടക്കം. നെടുങ്കണ്ടത്തിനടുത്ത് പച്ചടിയില്‍ 100 ഏക്കറും മുട്ടത്ത് 90 ഏക്കറും സ്ഥലമേറ്റെടുത്ത് ഇവിടെ സ്പൈസസ് പാര്‍ക്ക് നിര്‍മിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പച്ചടിയില്‍ പട്ടയഭൂമി ലഭ്യമല്ലാതായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മുട്ടം തുടങ്ങനാടില്‍ ഇതിനായി 90 ഏക്കര്‍ ഭൂമി കണ്ടത്താന്‍ നടപടികള്‍ ആരംഭിച്ചു. 92 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നു ഇത്. മൂന്ന് സെന്റു മുതല്‍ ഏക്കറ് കണക്കിന് ഭൂമിയുള്ളവരുണ്ട് ഇക്കൂട്ടത്തില്‍. ആദ്യം ചെറിയ എതിര്‍പ്പുകളുണ്ടായെങ്കിലും നാട്ടില്‍ വരാനിരിക്കുന്ന വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നതിന് മിക്കവരും തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ 2008 ല്‍ നോട്ടിഫിക്കേഷനും 2009 ല്‍ പ്രഖ്യാപനവുമുണ്ടയി. എന്നാല്‍ സര്‍ക്കാര്‍ നിരക്ക് കുറവായതിനാല്‍ സ്ഥലം വിട്ടുകൊടുക്കുന്നതിന് പ്രദേശത്തുള്ളവര്‍ വിസമ്മതിച്ചതോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ച് ഇതനുസരിച്ച് പൊതുമരാമത്ത് റോഡിന് വശത്തുള്ള സ്ഥലം, പഞ്ചായത്ത് റോഡിന് സമീപത്തുള്ള സ്ഥലം, വഴിയില്ലാത്ത സ്ഥലം എന്നിങ്ങനെ മുന്നായി തരം തിരിച്ച് വില നിശ്ചയിക്കുകയായിരുന്നു.

പാര്‍ക്കില്‍ ഇങ്ങനെ

അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസ് കെട്ടിടം, ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാന്റീന്‍ എന്നീ സൗകര്യങ്ങള്‍ സ്പൈസസ് പാര്‍ക്കിന്റെ ചുമതലക്കാരായ കിന്‍ഫ്ര സജ്ജമാക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാന്റ്, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും സജ്ജമാണ്. സുഗന്ധ വ്യഞ്ജന തൈലങ്ങള്‍, സുഗന്ധ വ്യഞ്ജന കൂട്ടുകള്‍, ചേരുവകകള്‍, കറിപ്പൊടികള്‍, കറി മസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധ വ്യഞ്ജനങ്ങള്‍, സുഗന്ധ വ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധ വ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!