ChuttuvattomThodupuzha

ഇന്ന് ഉത്രാട പാച്ചില്‍; നാടും നഗരവും ഓണാഘോഷ തിമര്‍പ്പില്‍

തൊടുപുഴ: തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്ന് നാടും നഗരവും ഉത്രാട പാച്ചിലില്‍. ഓണ സദ്യയൊരുക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി നാളെ തിരുവോണം ആഘോഷിക്കാനുള്ള തിരക്കിലാണ് എല്ലാവരും. ഉത്രാടത്തോടനുബന്ധിച്ച് ജനങ്ങള്‍ ഒന്നാകെ ഇറങ്ങുന്നതോടെ കടകളും റോഡും എല്ലാം ഇന്ന് തിരക്കിലമരും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാന ടൗണുകളെല്ലാം ഓണത്തിരക്കിലാണ്. ഞായറാഴ്ച മുതല്‍ ഓണാവധി കൂടിയായതോടെ മിക്കയിടത്തും തിരക്ക് അനിയന്ത്രിതമായി. ഇതോടെ ജില്ലയിലെ പ്രധാന ടൗണുകള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന അവസ്ഥയിലായി. വസ്ത്രവ്യാപാര ശാലകള്‍, ഗൃഹോപകരണ വിപണി, ചിപ്‌സ് കടകള്‍, ഓണം വിപണന മേളകള്‍ തുടങ്ങി എല്ലായിടത്തും തിരക്കുതന്നെ.

ഓഫറുകളുമായി വിപണി

എല്ലായിനങ്ങള്‍ക്കും വമ്പിച്ച ഓഫറുകളാണ് വിപണിയില്‍. അവധി ദിനം ആയിരുന്നെങ്കിലും മിക്ക കടകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. വസ്ത്രവ്യാപാര ശാലകളില്‍ വലിയ തോതിലുള്ള കച്ചവടമാണ് നടന്നത്. ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്ക് രാത്രി വൈകിയും തുടര്‍ന്നു. ഓണക്കച്ചവടം പ്രതീക്ഷിച്ച് പല വ്യാപാര സ്ഥാപനങ്ങളും കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിച്ചു. ഓണക്കോടിയെടുക്കാനും ഓണസദ്യവട്ടങ്ങള്‍ക്കുള്ള വിഭവങ്ങള്‍ വാങ്ങാനും കൂടുതല്‍ പേര്‍ ഇന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തും.

പച്ചക്കറി ചന്തകളിലും വന്‍ തിരക്ക്

ഓണം എത്തിയതോടെ പച്ചക്കറി വില്‍പ്പനകേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാനും ദിവസം മുമ്പു വരെ പച്ചക്കറികള്‍ക്ക് ഉണ്ടായിരുന്ന വിലക്കയറ്റത്തിന് ഓണം അടുത്തെത്തിയതോടെ മാറ്റമുണ്ടായത് ജനങ്ങള്‍ക്ക് ആശ്വാസമായി. ബീന്‍സ്, പയര്‍, പച്ചമാങ്ങ തുടങ്ങി ചില ഇനങ്ങളുടെ വിലയില്‍ മാത്രമാണ് വര്‍ധനയുള്ളത്. ചില ഇനങ്ങള്‍ക്ക് ഇന്ന് വിലയില്‍ മാറ്റം വരാന്‍ ഇടയുണ്ടെന്ന സൂചനയും വ്യാപാരികള്‍ നല്‍കുന്നു. ജില്ലയില്‍ പലയിടങ്ങളിലും വഴിയോരക്കച്ചവടം ഉള്‍പ്പെടെ പച്ചക്കറികളുടെ വില്‍പന തകൃതിയാണ്. നാളെയായിരിക്കും പച്ചക്കറികള്‍ക്ക് റിക്കാര്‍ഡ് വില്‍പന നടക്കുന്നത്.  ഓണത്തിന് പച്ചക്കറി വില നിയന്ത്രിക്കാനും കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്, .വിഫ്.പി.സി.കെ എന്നിവയുടെ ഓണച്ചന്തകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.

ഓര്‍ഡര്‍ ചെയ്താല്‍ ഓണ സദ്യ വീട്ടിലെത്തും

ഓണസദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പല ഹോട്ടലുകളിലും കേറ്ററിങ് സര്‍വീസുകളിലും ഓണസദ്യ തയാറാക്കി നല്‍കുന്നുണ്ട്. തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും. പായസമേളകളാണ് വിപണിയിലെ മറ്റൊരു ആകര്‍ഷണം. ഹോട്ടലുകളിലും ബേക്കറികളിലും പായസമേളകള്‍ നടക്കുന്നുണ്ട്. പാലട പ്രഥമനാണ് ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരം. അടപ്രഥമന്‍, പരിപ്പ്, ഗോതമ്പ് എന്നിവയാണ് മറ്റ് പ്രധാന ഇനങ്ങള്‍. ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിങ് ഇന്നലെയും കാര്യമായി നടന്നു.

നാടാകെ ആഘോഷപൊലിമയില്‍

പൂക്കളമൊരുക്കിയും ഓണപ്പാട്ടുകള്‍ പാടിയും മാവേലി മന്നനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി കഴിഞ്ഞു. ജില്ലയില്‍ എവിടെയും  വര്‍ണാഭമായ ആഘോഷങ്ങളാണ് ദൃശ്യമാകുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആവേശം വിതറി ആഘോഷം പൊടിപൊടിക്കുകയാണ്. വിവിധ ക്ലബുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും പൗരാവലിയുടെയുമൊക്കെ നേതൃത്വത്തിലാണ് വിവിധയിടങ്ങളിലെ ഓണാഘോഷ പരിപാടികള്‍. വടംവലിയും അത്തപ്പൂക്കളവും ആവേശം വിതറുന്ന വിവിധ മത്സരങ്ങളും കലാപരിപാടികളും സദ്യയും പായസ വിതരണവുമൊക്കെയായാണ് ആഘോഷം. മത്സര വിജയികള്‍ക്കു സമ്മാനങ്ങളുമുണ്ട്. വീറും വാശിയും ആവേശവും നിറഞ്ഞ വടംവലിക്കാണ് വലിയ സമ്മാനം. പതിനായിരത്തിനു മുകളിലാണ് പലയിടത്തും ഒന്നാം സമ്മാനം. പല മേഖലകളിലും തിരുവോണം കഴിഞ്ഞും ആഘോഷപരിപാടികള്‍ തുടരും.

Related Articles

Back to top button
error: Content is protected !!