IdukkiLocal Live

ശുചിമുറി മാലിന്യം കുടിവെള്ള സ്രോതസ്സിലേക്ക്,നൂറിലധികം പരാതി; ഇടുക്കിയില്‍ രണ്ട് റിസോര്‍ട്ടുകള്‍ക്കെതിരെ കേസെടുത്തു

ഇടുക്കി :   വെള്ളത്തൂവലില്‍ ശുചിമുറി മാലിന്യം കുടിവെള്ള സ്രോതസ്സിലേക്ക് ഒഴുക്കി
വിട്ട രണ്ട് റിസോർട്ടുകൾക്കെതിരെ കേസെടുത്ത് പോലീസ്. റിസോർട്ടുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തതോടെയാണ് നടപടി. മതിയായ മാലിന്യസംസ്കരണ സംവിധാനമില്ലാതെ കുടിവെള്ള സ്രോതസിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുവെന്ന് വ്യക്തമായതോടെ വെള്ളത്തൂവല്‍ പഞ്ചായത്ത് നല്‍കിയ പരാതിയിലാണ് കേസ്.

മുതിരപുഴയാറിന്‍റെ തീരത്തെ ജലനിധിയുടെ അഞ്ച് കുടിവെള്ള പദ്ധതികളുണ്ട്. കുഞ്ചിത്തണ്ണി മേരിലാന്‍റ് ഈട്ടിസിറ്റി വെള്ളത്തൂവല്‍ തുടങ്ങിയിടങ്ങളില്‍ ആയിരത്തിലധികം കുടുംബങ്ങളുടെ ശുദ്ധജലാശ്രയമാണ് ഇവ. ഇതെല്ലാം ശുചിമുറി മാലിന്യം
കൊണ്ട് മലിനപ്പെടുന്നുവന്ന് കാണിച്ച് നൂറിലധികം പേരാണ് ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയത്. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് റിസോര്‍ട്ടുകള്‍ ജലസ്രോതസ്സുകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതായി കണ്ടെത്തി.

സബ് കളക്ടറുടെ നിർദ്ദേശപ്രകാരം റിസോർട്ടുകൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് നൽകിയെങ്കിലും ഹൈക്കോടതി ഇത് താല്‍കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതോടെയാണ് മാലിന്യസംസ്കരണ സംവിധാനമില്ലാതെ പൊതുസ്ഥലത്തേക്ക് മാലിന്യം തള്ളി വിടുന്നുവെന്നുകാട്ടി രണ്ട് റിസോര്‍ട്ടുകള്‍ക്കുമെതിരെ പഞ്ചായത്ത് പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇനിയും മലിന ജലം കുടിവെള്ള സ്രോതസിലെത്തിയാൽ ശക്തമായ സമരം നടത്തുമെന്ന് പ്രദേശ വാസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക താല്‍പര്യത്തോടെ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന പരാതിയും ഇവർക്കുണ്ട്.

Related Articles

Back to top button
error: Content is protected !!