IdukkiThodupuzha

അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഇടുക്കിയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്‌

തൊടുപുഴ: ഈസ്റ്ററിനോടനുബന്ധിച്ച്‌ തുടര്‍ച്ചയായി കിട്ടിയ നാല് അവധികള്‍ ആഘോഷമാക്കാന്‍ സഞ്ചാരികള്‍ ഇടുക്കി തിരഞ്ഞെടുത്തതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും റിസോര്‍ട്ടുകളുമെല്ലാം നിറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം നിരവധി സഞ്ചാരികളാണ് അവധിക്കാലം ആഘോഷിക്കാന്‍ ജില്ലയിലേക്കെത്തുന്നത്. മൂന്നാര്‍, വാഗമണ്‍, തേക്കടി എന്നിവിടങ്ങളില്‍ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും മാത്രമാണ് ഒഴിവുള്ളത്. അടിമാലി- മൂന്നാര്‍ റോഡ്, കുമളി- തേക്കടി റോഡ്, കോട്ടയം- വാഗമണ്‍ റോഡ് എന്നിവിടങ്ങളില്‍ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടുക്കി അണക്കെട്ടും മൂന്നാറും തേക്കടിയും വാഗമണ്ണുമടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡിന് ശേഷം മെല്ലെ ഉണര്‍ന്ന് വരുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതാണ് സഞ്ചാരികളുടെ വരവ്. മലയാളികള്‍ക്ക്പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നുണ്ട്. പതിനായിരത്തിലേറെ പേരാണ് പെസഹാ വ്യാഴവും ദുഃഖ വെള്ളി ദിനത്തിലും ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിയത്. മൂന്നാറും വാഗമണ്ണുമാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. പുതുവര്‍ഷത്തിന് ശേഷം ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും നിരക്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്.

മൂന്നാര്‍ ഹൗസ്‌ഫുള്‍
തെക്കിന്റെ കാശ്മീരായ മൂന്നാര്‍ സഞ്ചാരികളാല്‍ നിറഞ്ഞു. ഇരവികുളം ദേശീയോദ്യാനത്തില്‍ ഇന്നലെ 3120 പേരാണെത്തിയത്. സാധാരണ 2850 പേരെയാണ് പാര്‍ക്കില്‍ അനുവദിക്കുക. വ്യാഴാഴ്ച 2137 ടിക്കറ്റാണ് വിറ്റ് പോയത്. സാധാരണ വൈകിട്ട് 4.30നാണ് ടിക്കറ്റ് കൗണ്ടര്‍ ക്ലോസ് ചെയ്യുന്നതെങ്കില്‍ ഇപ്പോള്‍ 3.30ന് തന്നെ ക്ലോസ് ചെയ്യേണ്ട സ്ഥിതിയാണ്. 30 ശതമാനം ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യുന്നുണ്ട്. മൂന്നാ‌ര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ 658 പേരാണ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്. മാട്ടുപ്പെട്ടിയിലെത്തി ബോട്ടിംഗ് ആസ്വദിച്ചവര്‍ 360 പേരാണ്.

വാഗമണ്‍ നിറഞ്ഞു

വാഗമണ്‍ മൊട്ടക്കുന്നിലെവിടെയുംവിനോദ സഞ്ചാരികളാണ്. 1385 പേരാണ് കഴിഞ്ഞ ദിവസം മൊട്ടക്കുന്നിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്. അഡ്വഞ്ചറില്‍ പാര്‍ക്കിലും നല്ല തിരക്കുണ്ട്. 639 പേരാണ് ഇവിടെയെത്തിയത്. വാഗമണ്ണിലെത്തുന്നവരിലേറെയും പാഞ്ചാലിമേട്ടിലും പോകാറുണ്ട്. 742 സഞ്ചാരികളാണ് കഴിഞ്ഞ ദിവസം പാ‍ഞ്ചാലിമേട്ടിലെത്തിയത്.

Related Articles

Back to top button
error: Content is protected !!