Thodupuzha

ഗതാഗതക്കുരുക്ക്: നഗരസഭ യോഗം ചേർന്നു

തൊടുപുഴ; നഗരത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ അടിയന്തിര ഇടപടലുമായി നഗരസഭ. കഴിഞ്ഞ ഗതാഗത ഉപദേശക സമിതി യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നഗരസഭ ചെയര്‍മാന്‍ സനീഷ്‌ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കി. എല്ലാ മാസവും ട്രാഫിക് കമ്മിറ്റികള്‍ യോഗം ചേരാനും തീരുമാനിച്ചു. ഇതിലെ തീരുമാനങ്ങള്‍ പ്രധാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് ഗതാഗത ഉപദേശക സമിതി ചേര്‍ന്ന് നടപ്പാക്കും.കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്തതില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ഇടുക്കി റോഡില്‍ കെഎസ്‌ആര്‍ടിസി ജങ്‌ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിന്‌ മുന്‍ഗണന നല്‍കും. കഴിഞ്ഞ ഗതാഗത സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ഇവിടെ ട്രാഫിക് സിഗ്നലിന് സമീപത്തെ മൂപ്പില്‍ക്കടവ്, കോതായിക്കുന്ന്, ഇടുക്കി റോഡ് ബസ് സ്റ്റോപ്പുകള്‍ നിലവിലുള്ള സ്ഥലത്ത് നിന്ന് 20 മീറ്റര്‍ മുന്നോട്ടു നീക്കാനായിരുന്നു തീരുമാനം. ഇത്‌ ഉടന്‍ നടപ്പാക്കണം. മാര്‍ക്കറ്റ് റോഡില്‍ ഗാന്ധി സ്ക്വയര്‍ മുതല്‍ കോതായിക്കുന്ന് വരെയുള്ള ഭാഗം വണ്‍വേയാക്കുക, റോഡുകളില്‍ സീബ്രാലൈനുകള്‍ തെളിക്കുക, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുക,അമ്ബലംബൈപാസിലെ വഴിയോരക്കച്ചവടം ഒഴിവാക്കുക, മുല്ലക്കല്‍ ജങ്‌ഷന്‍, മുതലക്കോടം മാവിന്‍ ചുവട്, ഇന്ത്യന്‍ ഹാര്‍ഡ് വെയറിന് സമീപം, ന്യൂമാന്‍ കേളേജിന് മുന്‍വശം,മങ്ങാട്ടുകവല എന്നിവിടങ്ങളിലെ റോഡ് തടസപ്പെടുത്തിയുള്ള അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിക്കാനും അന്ന്‌ തീരുമാനമെടുത്തിരുന്നു. ടൗണില്‍ നടപ്പാത തടസപ്പെടുത്തിയുള്ള കച്ചവടം അവസാനിപ്പിക്കുക, ചരക്കുവാഹനങ്ങളില്‍ നിന്നും സാധനങ്ങളുടെ കയറ്റിറക്ക്‌ രാവിലെ എട്ടിനു മുന്‍പും 11 മുതല്‍ മൂന്ന് വരെയുമായി നിജപ്പെടുത്തുക എന്നീ തീരുമാനങ്ങളുമാണ്‌ നടപ്പാകാനുള്ളത്‌. നഗരത്തിലെ അനധികൃത പാര്‍ക്കിങ്‌ പ്രശ്‌നമാണെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് വ്യാപാരികളും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചു. വ്യാപാരികളെ പ്രതിനിധീകരിച്ച്‌ സാലി എസ് മുഹമ്മദും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനെ പ്രതിനിധികരിച്ച്‌ കെ കെ തോമസും ട്രാക്കിനെ പ്രതിനിധീകരിച്ച്‌ സണ്ണിതെക്കേക്കര, എം സി മാത്യു എന്നിവരും സംസാരിച്ചു.വൈസ്‌ ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണിയും കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!