Thodupuzha

തൊടുപുഴ റോഡിൽ ഗതാഗതം മുടങ്ങി

തൊടുപുഴ: ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി. ഇടമറുക് ഭാഗത്ത് വാഹനങ്ങൾ കടന്നുപോകാത്ത വിധം വെള്ളക്കെട്ടാണ്. ഇരുമാപ്ര മേച്ചാൽ ചാലമറ്റം ഭാഗങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. ചാലമറ്റം ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. തീക്കോയി ചേരിപ്പാട് ഭാഗത്ത് വെള്ളം വാണിംഗ് ലെവലിന് മുകളിൽ എത്തി. തലനാട് ചാമപ്പാറ ഭാഗത്ത് മൂന്ന് വീട്ടിൽ വെള്ളം കയറി വീട്ടുകാരെ മാറ്റിപാർപ്പിച്ചു. ശക്തമായ മഴയെത്തുടർന്ന് മൂന്നിലവ് വാളകം കവനശേരി ഭാഗത്ത് ഉരുൾപൊട്ടി. കല്ലുകൾ വീണ് മേച്ചാൽ വാളകം റോഡിൽ ഗതാഗതം മുടങ്ങി. മൂന്നിലവ് മേലുകാവ് തലനാട് പഞ്ചായത്തുകളിൽ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാളകം പോട്ടൻപരകല്ല്, കവനശേരി എന്നീ ഭാഗങ്ങളിൽ വലിയ കല്ലുകൾ വീണ് ഗതാഗതതടസമുണ്ടായി.

പ്രദേശത്ത് മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞ്  വൈദ്യുതി ബന്ധം തടസപ്പെട്ടു. മൂന്നിലവ് ടൗണിൽ എട്ട് അടിയോളം വെള്ളമുയർന്നു. മൂന്നിലവ് പഞ്ചായത്തോഫിസിലും റേഷൻകട, മാവേലിസ്റ്റോർ എന്നിവടങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. വാകക്കാട് രണ്ടാറ്റുമുന്നി പാലം വെള്ളത്തിലായി. വാകക്കാട് ഇടമറുക് റോഡിൽ ഗതാഗതം മുടങ്ങി. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. രാത്രി വൈകിയും മഴ തുടരുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!