Local LiveVannappuram

ആശുപത്രികള്‍ക്ക് സമീപം അപകടാവസ്ഥയില്‍ മരങ്ങള്‍ : ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു

വണ്ണപ്പുറം : ദിവസേന നിരവധിയാളുകള്‍ ചികിത്സ തേടിയെത്തുന്ന വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും ഹോമിയോ ആശുപത്രിയ്ക്കും സമീപം നില്‍ക്കുന്ന വലിയ പാഴ്മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വീഴുവാന്‍ സാധ്യതയേറെയാണ്. ഹോമിയോ ആശുപത്രിക്ക് സമീപം നില്‍ക്കുന്ന മരമാണ് കൂടുതല്‍ അപകടകരമായ അവസ്ഥയിലുള്ളത്. മരത്തിന് ചുവട്ടിലൂടെയാണ് പിഎച്ച്‌സിയിലേക്ക് പോകേണ്ടത്. ഇതുവഴി കടന്ന് പോകുന്നവര്‍ക്കും പാഴ്മരങ്ങള്‍ ഭീഷിണിയാണ്. ഇത് കൂടാതെ പിഎച്ച്‌സിക്ക് സമീപം നില്‍ക്കുന്ന മരവും, തൊട്ടടത്തുള്ള മതിലിന് സമീപം ഉണങ്ങിയ നിലയില്‍ നില്‍ക്കുന്ന മരവും ജനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡിനോട് ചേര്‍ന്നാണ് ഉണങ്ങിയ മരം നില്‍ക്കുന്നത്. ഇത് കാല്‍നട യാത്രക്കാര്‍ക്ക് പുറമേ വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പിഎച്ച്‌സിക്ക് സമീപം നിന്ന ഒരു പാഴ്മരം മറിഞ്ഞ് വീഴുകയും ചെയ്തിരുന്നു. തിരക്ക് കുറവുള്ള സമയത്ത് മരം താഴേക്ക് പതിച്ചതിനാല്‍ തലനാരിഴക്ക് വന്‍ അപകടം ഒഴിവായി. ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടി മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!