IdukkiLocal Live

ഗോത്രവര്‍ഗ മേഖല പദ്ധതികള്‍:നിലവിലെ അവസ്ഥ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി : മൂന്നാര്‍, വട്ടവട ഗോത്ര വര്‍ഗ മേഖലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കുന്ന റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
പ്രദേശത്ത് മികച്ച റോഡുകളും കുടിവെള്ളവും ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപെട്ട റിപ്പോര്‍ട്ടിലാണ് പട്ടികവര്‍ഗ വികസന വകുപ്പ് ചില പദ്ധതികള്‍ പരാമര്‍ശിച്ചത്.
വട്ടവട പഞ്ചായത്തിലെ ചിലന്തിയാര്‍ മുതല്‍ പട്ടികവര്‍ഗ കുടികള്‍ വരെയുള്ള റോഡ് ടാര്‍ ചെയേണ്ടത് അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചില്‍ പതിവാണ്. യാത്രക്ക് ജീപ്പ് മാത്രമാണ് ശരണം.ചിലന്തിയാര്‍- സ്വാമിയാറളക്കുടി, കൂടല്ലാര്‍ക്കുടി, വയല്‍ത്തറക്കുടി , വത്സപ്പെട്ടിക്കുടി – ഒള്ളവയല്‍ എന്നീ മേഖലകളിലെ 16 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 9 25, 58, 352 രൂപയുടെ എസ്റ്റിമേറ്റ് അടിമാലി ട്രൈബല്‍ വെല്‍ഫയര്‍ ഓഫീസര്‍ പഞ്ചായത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് സംസ്ഥാന തല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
2017 – 18 വര്‍ഷത്തെ പട്ടികവര്‍ഗ വികസന വകുപ്പ് അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടല്ലാര്‍ കൂടിയില്‍ കുടി വെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന കുടികളില്‍ കുടിവെള്ളം എത്തിക്കും. 2023 – 24 അധ്യയന വര്‍ഷത്തില്‍ കുട്ടികളെ കുടികളില്‍ നിന്നും സ്‌കൂളിലെത്തിക്കാന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് കുട്ടികള്‍ വകുപ്പിന്റെ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ചികിത്സക്കായി 11 കിലോമീറ്റര്‍ ദൂരെയുള്ള വട്ടവട കോവില്ലൂരിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. മറ്റ് ചികിത്സകള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ്,ഉദുമല്‍പേട്ട ആശുപത്രി എന്നിവിടങ്ങളില്‍ പോകെണ്ട സ്ഥിതിയാണ്. വട്ടവട,കാന്തല്ലൂര്‍, മറയൂര്‍ പ്രദേശങ്ങളിലെ പട്ടികവര്‍ഗ്ഗകാര്‍ക്ക് മറയൂരിലോ മൂന്നാറിലോ വിദഗ്ദ്ധ ചികിസ നല്‍കാന്‍ ഒരു ആശുപത്രി സ്ഥാപിക്കുന്നത് ഗുണപ്രദമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 

Related Articles

Back to top button
error: Content is protected !!