Thodupuzha

പഴം,പച്ചക്കറി മേഖലയ്ക്ക് ഭീഷണിയായി ദ്വിദിന ദേശീയ പണിമുടക്ക്

വാഴക്കുളം: തൊഴിലാളി സംഘടനകളുടെ

ദ്വിദിന ദേശീയ പണിമുടക്ക് പഴം,പച്ചക്കറി വ്യാപാര മേഖലയ്ക്ക് കനത്ത ഭീഷണിയാകുന്നു.

 

വ്യാപാരശാലകൾ തുറക്കുന്നതിന് പ്രത്യക്ഷത്തിൽ തടസമൊന്നുമില്ലെങ്കിലും സംഘടനകളിൽ അംഗത്വമുള്ള തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഇടപാടുകൾ തടസപ്പെടും. ചരക്ക് കയറ്റിയിറക്കുന്നതിന് തൊഴിലാളികൾ ലഭ്യമാകാത്തതിനാലും ബസ് സമരം നിലനിൽക്കുന്നതിനാലും വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കാനാണ് സാധ്യത.

 

ധനകാര്യ സ്ഥാപനങ്ങളിലെ പണിമുടക്ക് സാമ്പത്തിക വിനിമയത്തിനും തടസം സൃഷ്ടിക്കും.

 

കാർഷികോത്പന്നങ്ങളുടെ പ്രത്യേകിച്ച് പച്ചക്കറി,പഴവർഗങ്ങളുടെ കൈമാറ്റ മേഖലയിൽ പണിമുടക്ക് ഭീഷണി ദുരിതം വിതയ്ക്കുകയാണ്.

 

അടുത്തയിടെ പൈനാപ്പിളിന് താരതമ്യേന ഉയർന്ന വില ലഭിച്ചിരുന്നെങ്കിലും പണിമുടക്ക് ഉറപ്പായതോടെ

5 – 8 രൂപയുടെ വിലയിടിവാണ് വാഴക്കുളം വിപണിയിൽ ഇന്നലെ അനുഭവപ്പെട്ടത്.

 

പൈനാപ്പിൾ കിലോക്ക് 52 വരെ എത്തിയ വിപണി വില

ഇന്നലെ 45 ലേക്ക് താഴ്ന്നു.

 

ഉത്തരേന്ത്യൻ വിപണികളിൽ വാഴക്കുളത്തു നിന്ന് പൈനാപ്പിൾ വാഹനങ്ങളെത്താൻ 4-5 ദിവസങ്ങൾ വേണ്ടിവരുന്നതിനാൽ പണിമുടക്കു ദിവസങ്ങൾ കണക്കാക്കി വ്യാപാരികൾ നേരത്തേ തന്നെ വിപണിയിൽ നിന്ന് വിട്ടു നിൽക്കുന്ന സാഹചര്യവുമായിരുന്നു.

ദേശീയ പണിമുടക്കായതിനാൽ ഉത്തരേന്ത്യയിലേക്ക് ചരക്കു വാഹനങ്ങൾ സുരക്ഷിതമായി എത്തിക്കാൻ കഴിയുമോ എന്ന ഭീതി മൂലം സ്വന്തം തൊഴിലാളികളെ ഉപയോഗിച്ചു പോലും ഈ ദിവസങ്ങളിൽ പൈനാപ്പിൾ കയറ്റി വിടാൻ വ്യാപാരികൾ തയ്യാറല്ല.

 

ഉയർന്ന വില കണക്കാക്കി പൈനാപ്പിൾ പഴമാക്കി വിൽക്കാനുദ്ദേശിച്ച കർഷകരും വെട്ടിലായി. ഇന്നു മുതലുള്ള മൂന്നു ദിവസത്തെ വ്യാപാര മാന്ദ്യം പൈനാപ്പിൾ മേഖലയിൽ കനത്ത പ്രതിസന്ധിയുളവാക്കും.

 

വേനൽമഴ അങ്ങിങ്ങ് വ്യാപകമായതോടെ പൈനാപ്പിൾ വിളവെടുപ്പിന് പാകമാകുന്നതും പഴമാകുന്നതും ദ്രുതഗതിയിലാകും. അതിനാൽ പണിമുടക്കിനു ശേഷം വിപണി സജീവമാകുമ്പോൾ ചരക്ക് കൂടുതലായി എത്താൻ സാധ്യതയുണ്ട്.

 

പാൽ, പഴം,പത്രം,ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് പണിമുടക്ക്, ഹർത്താൽ ദിവസങ്ങളിൽ പ്രത്യക്ഷത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും സുഗമമായ ചരക്കുനീക്കം തടസപ്പെടുന്നത് പഴം, പച്ചക്കറി, ക്ഷീര കർഷകർക്ക് കനത്ത പ്രതിസന്ധിയുണ്ടാക്കുകയാണ്.

Related Articles

Back to top button
error: Content is protected !!