ChuttuvattomThodupuzha

സംസ്ഥാനത്ത് യൂറിയ രാസവളം മതിയായ അളവിൽ ലഭിക്കുന്നില്ല; കർഷകർ ദുരിതത്തിൽ

വാഴക്കുളം: യൂറിയ രാസവളം യഥേഷ്ടം ലഭിക്കാത്തത് കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നു. കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വളത്തിലൊന്നാണ് യൂറിയ.ഇതര രാസവളങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്ന യൂറിയ കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ ഒഴിവാക്കാനാവാത്ത ഒരു രാസവളമാണ്.എന്നാല്‍ സംസ്ഥാനത്ത് വിപണനത്തിന് മതിയായ അളവില്‍ യൂറിയ ലഭിക്കുന്നില്ലെന്നാണ് മൊത്ത, ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.കേന്ദ്ര ഗവണ്‍മെന്റ് സബ്‌സിഡി നിരക്കിലാണ് യൂറിയ ഉള്‍പ്പെടെയുള്ള നിരവധി രാസവളങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നത്.യൂറിയ വളം സബ്‌സിഡിയോടു കൂടി കിലോയ്ക്ക് 5.90 നിരക്കില്‍ വിപണിയില്‍ ലഭിക്കുമ്പോള്‍ സബ്‌സിഡി രഹിതമായി വിപണി വില കണക്കാക്കുമ്പോള്‍ കിലോയ്ക്ക് 27 ആണ്. ആധാര്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ യൂറിയക്ക് റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതാണ് ലഭ്യതക്കുറവിന് കാരണമായിട്ടുള്ളത്.സംസ്ഥാനത്തെ ഭക്ഷ്യോത്പന്ന വിതരണം പോലെ ഇ- പോസ് മെഷീനില്‍ ആധാര്‍ നമ്പര്‍ നല്‍കി ഒരാള്‍ക്ക് 50 ചാക്ക് യൂറിയ ആണ് പ്രതിമാസം അനുവദിക്കുന്നത്.

ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കു മാത്രമേ ഇതേ നിരക്കില്‍ ലഭിക്കുന്ന വളം മതിയാകുകയുള്ളൂ. പൈനാപ്പിള്‍ പോലെയുള്ള കൃഷിയിടങ്ങളില്‍ ഒരേക്കറിന് ശരാശരി 350 കിലോ വളം കര്‍ഷകര്‍ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു.പത്ത് ഏക്കര്‍ കൃഷിയുള്ള കര്‍ഷകന് പോലും റേഷന്‍ രീതിയില്‍ ലഭിക്കുന്ന യൂറിയ മതിയാകാത്ത സാഹചര്യമാണ്.റബര്‍ വിലയിടിവിനെ തുടര്‍ന്ന് വന്‍കിട തോട്ടങ്ങള്‍ പലതും ആവര്‍ത്തന കൃഷി നടത്താതെ പൈനാപ്പിള്‍ കൃഷിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്.ഇത്തരത്തില്‍ ആയിരക്കണക്കിന് ഏക്കറുകള്‍ പൈനാപ്പിള്‍ കൃഷി നടത്തുന്നുണ്ട്. തോട്ടങ്ങളിലേക്ക് മതിയായ അളവില്‍ യൂറിയ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.

പരിചയമുള്ള വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഉള്‍പ്പെടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയുമൊക്കെ ആധാര്‍ കാര്‍ഡ് നല്‍കിയാണ് അത്യാവശ്യത്തിന് വളം സംഘടിപ്പിക്കുന്നത്.ആധാര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ മാത്രമേ വ്യാപാരശാലകളില്‍ സംഭരിച്ചിട്ടുള്ള വളം സ്റ്റോക്കില്‍ കുറവു കാണിക്കൂ.കര്‍ഷകര്‍ക്ക് നല്‍കി വളം തീര്‍ന്നാലും ആധാര്‍ നല്‍കിയില്ലെങ്കില്‍ വില്‍പ്പനശാലയില്‍ വളം ഉള്ളതായി കണക്കുകള്‍ കാണിക്കും.ഇത്തരത്തിലുള്ള തെറ്റായ കണക്കുകളാണ് വില്‍പ്പന കേന്ദ്രങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രതിസന്ധിയാകുന്നത്.നെറ്റ് വര്‍ക്കിലെ തകരാര്‍ മൂലം ആധാറുമായി വരുന്ന കര്‍ഷകരുടെ നമ്പര്‍ പോലും ചിലപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാതാകും.ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ക്കു മാത്രമല്ല,വന്‍കിട കേന്ദ്രങ്ങള്‍ക്കും വിതരണം നടത്തുന്ന ഏജന്റുമാര്‍ക്കും വില്‍പ്പനയിലും വരുമാനത്തിലും ഗണ്യമായ തോതില്‍ കുറവു വരുന്നു.ഓരോ മാസവും സംസ്ഥാനങ്ങള്‍ക്കു വിതരണം ചെയ്യേണ്ട സബ്‌സിഡി രാസവളങ്ങളുടെ കണക്കെടുപ്പു നടത്തുമ്പോള്‍ വളം ഇല്ലെങ്കിലും ഇ- പോസ് മെഷീന്‍ കണക്കനുസരിച്ച് വളം പല കേന്ദ്രങ്ങളിലായി കെട്ടിക്കിടക്കുന്നതായി കാണിക്കുന്നു.തന്‍മൂലം വളം അനുവദിക്കാത്ത സാഹചര്യവുമാണുള്ളത്.

താരതമ്യേന മഴ ലഭ്യത കുറവുള്ള ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ധാരാളം ജലസേചന സൗകര്യമില്ലാത്ത കൃഷിയിടങ്ങളില്‍ വളപ്രയോഗം പരിമിതമാണ്. ആവശ്യമില്ലാത്ത സമയത്തും വളം വാങ്ങി സംഭരിക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. കാലിത്തീറ്റ,പ്ലൈവുഡ്, പശക്കമ്പനികളില്‍ യൂറിയ വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്.അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്കു ലഭിക്കേണ്ട യൂറിയ വിഹിതം കൃത്യമായി കൃഷിയിടങ്ങളില്‍ എത്താന്‍ വേണ്ടിയാണ് റേഷന്‍ ഏര്‍പ്പെടുത്തിയതെങ്കിലും പ്രായോഗികമായ സംവിധാനം ഒരുക്കാത്തതിലെ പാളിച്ചയാണ് കര്‍ഷകരേയും വ്യാപാരികളേയും ഒരേ പോലെ പ്രതിസന്ധിയിലാക്കിയത്.കൂടുതല്‍ കൃഷിയുള്ള കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ ആവശ്യമുള്ള വളത്തിന് ആനുപാതികമായ അളവ് മഴ ലഭ്യതയുള്ള കാര്‍ഷികോത്പാദന മാസങ്ങളില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പ്രതിമാസമുള്ള 50 ചാക്ക് എന്നത് ആവശ്യമുള്ള കര്‍ഷകര്‍ക്ക് 200 വരെയെങ്കിലും അനുവദിച്ചാല്‍ ഒരു പരിധി വരെ പ്രശ്‌ന പരിഹാരത്തിന് സാധ്യതയുള്ളതായി കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Related Articles

Back to top button
error: Content is protected !!