IdukkiLocal Live

വണ്ടിപ്പെരിയാര്‍ കൊലപാതകം: പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തി കെ.പി.സി.സിയുടെ സ്ത്രീ ജ്വാല റാലി

വണ്ടിപ്പെരിയാര്‍:വണ്ടിപ്പെരിയാര്‍ കൊലപാതകത്തിനെതിരെ പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തി കെ.പി.സി.സിയുടെ സ്ത്രീ ജ്വാല റാലി.
വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ നീതിനിഷേധത്തിന് എതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച സ്ത്രീ ജ്വാല റാലിയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തിയത് ആയിരക്കണക്കിനു സ്ത്രീകള്‍.
പാലക്കാട്, വാളയാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീ ജ്വാലാ പ്രയാണ ജാഥ വണ്ടിപ്പെരിയാറില്‍ എത്തിച്ചേര്‍ന്നതോടെ കാത്ത് നിന്ന ആയിരക്കണക്കിന് വനിതകള്‍ ആവേശഭരിതരായി. തുടര്‍ന്ന്
വനിതകള്‍ നയിച്ച ജനകീയ റാലി വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ നിന്ന് പുറപ്പെട്ടു. ആവേശോജ്വല മുദ്രാവാക്യം വിളികളോടെ റോഡ് നിറഞ്ഞ് നീങ്ങിയ റാലി രണ്ട് കിലോമീറ്റര്‍ പിന്നിട്ട് വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിച്ചു. തൊടുപുഴ, കരിമണ്ണൂര്‍, ഇടുക്കി, കട്ടപ്പന, അടിമാലി, മൂന്നാര്‍, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, ഏലപ്പാറ, പീരുമേട് എന്നീ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വനിതകള്‍ അണിചേര്‍ന്നത്. പ്രതിഷേധ സൂചകമായി കറുപ്പു വസ്ത്രങ്ങള്‍ ധരിച്ചാണ് ഭൂരിഭാഗം വനിതകളും റാലിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് മൈതാനത്തു നടന്ന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാള്‍, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ മാത്യു കുഴല്‍ നാടന്‍, ഉമാ തോമസ്, റോജി എം. ജോണ്‍, ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, എം. ലിജു, ജെബി മേത്തര്‍ എം.പി, തമിഴ് നാട് എം.എല്‍.എ മാരായ വിജയധരണി, വിശ്വനാഥ പെരുമാള്‍, കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ സ്ത്രീ ജ്വാല പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ചു. വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ നിന്നും ദുഖ സൂചകമായി കറുപ്പ് വസ്ത്രമണിഞ്ഞ് കറുപ്പ് ബലൂണുകളുമേന്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു വനിതാ പ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ട് മകളേ മാപ്പ് എന്ന മുദ്രാ വാക്യമുയര്‍ത്തി ആരംഭിച്ച പ്രതിഷേധ റാലിയോടെയാണ് സ്ത്രീ ജ്വാല പ്രതിഷേധ പരിപാടിക്ക് തുടക്കമായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് റാലിയില്‍ ഏന്തിയ കറുപ്പ് ബലൂണുകള്‍ ഉമാ തോമസ് എം.എല്‍.എ ആകാശത്തേക്ക് പറത്തി.

Related Articles

Back to top button
error: Content is protected !!