Thodupuzha

വണ്ണപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക്; ബി.ജെ.പിയുടെ സഹകരണ മാര്‍ച്ച് 28ന്

 

തൊടുപുഴ: സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ വണ്ണപ്പുറം സര്‍വീസ് സഹകരണ ബാങ്കിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സഹകാരികളുടെ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. 28ന് രാവിലെ 11-ന് നടക്കുന്ന മാര്‍ച്ചും ധര്‍ണയും ബി.ജെ.പി എറണാകുളം മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി. ഉദ്ഘാടനം ചെയ്യും. ബാങ്കിനെ സംരക്ഷിക്കുക, ബാങ്കില്‍ നടന്ന ക്രമക്കേടുകളും വായ്പാ തട്ടിപ്പുകള്‍ക്കും എതിരെ നടപടി സ്വീകരിക്കുക, നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഭരണ സമിതി പിരിച്ചു വിടുക, നിക്ഷേപകരുടെ ആശങ്കകള്‍ അകറ്റുക, ബാങ്കിന് ഉണ്ടായിട്ടുള്ള നഷ്ടം ഭരണ സമിതി അംഗങ്ങളില്‍ നിന്നും ഈടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹകാരികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പ് ബാങ്കില്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് 62 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് 2022 ഫെബ്രുവരി 27-ന് ഇടുക്കി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ബോര്‍ഡ് മെമ്പര്‍മാരും ഭരണ സമിതി അംഗങ്ങളുള്‍പ്പെടെ വായ്പാ ജാമ്യ കുടിശിഖകള്‍ വരുത്തിയെന്ന് കണ്ടെത്തിയിട്ടും ജോയിന്റ് രജിസ്ട്രാര്‍ അവരുടെ അംഗത്വം റദ്ദാക്കാന്‍ തയ്യാറായിട്ടില്ല. നിരവധി ഈട് വസ്തുക്കള്‍ക്ക് അമിത വാല്യുവേഷന്‍ നല്‍കി വന്‍ ലോണുകളാണ് നല്‍കിയിരിക്കുന്നത്. നീതി മെഡിക്കല്‍ ലാബില്‍ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും കെട്ടിട നവീകരണം നടത്തുന്നതിനും സഹകരണ വകുപ്പിന്റെ അനുമതി വാങ്ങിയിട്ടില്ല. സാധനങ്ങള്‍ വാങ്ങുന്നതില്‍ നിയപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല കരാര്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി വന്‍ തുക ബാങ്കിന് നഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. നിക്ഷേപകര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തുക യഥാസമയം നല്‍കാന്‍ ബാങ്കിന് കഴിയുന്നില്ല. നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും നിക്ഷേപകര്‍ക്ക് യഥാസമയം നിക്ഷേപം ലഭ്യമാക്കി ബാങ്കിനെ സംരക്ഷിക്കണമെന്നും ഇതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സഹകരണവകുപ്പ് തയ്യാറാകണെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!