ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ വിദ്യാമൃതം പദ്ധതിക്ക് തുടക്കമായി

തൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ വിദ്യാമൃതം പദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പ്രോജക്ടുകളെ ഏകോപിപ്പിച്ചാണ് വിദ്യാമൃതം എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളിലെ പഠന വൈകല്യം പരിഹരിക്കുന്നതിനായുള്ള ‘മികവ്’ മനശാസ്ത്ര വിദ്യാഭ്യാസ സഹായ പദ്ധതി, എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണത്തോടെയുള്ള സൗജന്യ പരിശീലനം, സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുള്ള പ്രീ-പ്രൈമറി സ്‌കൂളുകളിലെ ആയ മാര്‍ക്കുള്ള അധികവേതനം, യു.പി തലം വരെയുള്ള കുട്ടികള്‍ക്കായി സൗജന്യമായി കായിക-യോഗ പരിശീലന പരിപാടികള്‍, പഞ്ചായത്തിന്റെ പരിധിയിലുള്ള 10 പൊതു വിദ്യാലയങ്ങളിലെ മാലിന്യ സംസ്‌ക്കരണ സംവിധാനത്തിനായി സോക്ക് പിറ്റുകളും, ബയോഗ്യാസ് പ്ലാന്റുകളും നിര്‍മ്മിച്ച് നല്‍കല്‍, ഹൈസ്‌കൂള്‍ -ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കായി സാനിറ്ററി ഇന്‍സിനറേറ്ററുകള്‍, വിവിധ സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്ലി ടൊയ്ലറ്റും കുടിവെള്ള പദ്ധതികളും കെട്ടിട മെയ്ന്റനന്‍സിനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളുള്‍പ്പെടെ 17 പദ്ധതികളാണ് ‘വിദ്യാമൃത’ത്തിന്റെ ഭാഗമാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പാറേക്കവല സെന്റ്.ജോസഫ് സ് എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കരിമണ്ണൂര്‍ ബി.ആര്‍.സി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റ്റി.പി മനോജ് മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്തമ്മ ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം നൈസി ഡെനില്‍, പഞ്ചായത്തംഗം ആതിര രാമചന്ദ്രന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഏലിയാമ്മ എം.പി, പി.ജെ ഉലഹന്നന്‍,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലൈഷ സലിം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍
എന്‍.രഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥ പി.കെ ഉഷടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!