ChuttuvattomThodupuzha

മാത്യുകുഴൽ നാടൻ എം.എൽ.എയ്ക്ക് എതിരെയുള്ള വിജിലൻസ് അന്വേഷണം നിയമവിരുദ്ധം: അഡ്വ. എസ്. അശോകൻ

തൊടുപുഴ: മാത്യുകുഴൽ നാടൻ എം.എൽ.എയ്ക്ക് എതിരെയുള്ള വിജിലൻസ് അന്വേഷണം നിയമവിരുദ്ധമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പറഞ്ഞു. അഴിമതി നിരോധന നിയമത്തിലെ രണ്ടാം വകുപ്പിൽ നിർവചിക്കുന്ന പബ്ലിക്ക് സർവെന്റിന്റെ നിർവചനത്തിൽ രാഷ്ട്രീയ പ്രവർത്തകരും ഭാരവാഹികളും വരില്ല. ചിന്നക്കനാലിലെ വിവാദ വസ്തു വാങ്ങിയ സമയത്ത് മാത്യു കുഴൽനാടൻ എം.എൽ.എ ആയിരുന്നില്ല. രണ്ടാം വകുപ്പിൽ നിർവചിക്കുന്ന ഏതെങ്കിലും ഔദ്യോഗിക ചുമതല വഹിച്ചിരുന്നുമില്ല. അക്കാരണത്താൽ വിവാദ ഭൂമി ഇടപാട് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരികയില്ല. ആധാരത്തിൽ ഭൂമിയുടെ വില കുറച്ച് കാണിച്ചു എന്ന ആരോപണം കേരള സ്റ്റാംപ് ആക്ടിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. പ്രസ്തുത വിഷയം ക്രിമിനൽ കുറ്റകൃത്യം പോലുമല്ല. മാത്യു കുഴൽനാടൻ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചിന്നക്കനാലിലെ വസ്തുവിന് ആധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതൽ വില കാണിച്ചു എന്ന ആപോപണം തന്നെ അപ്രസക്തമാണ്. വസ്തുവിന്റെ വില എത്രയെന്ന് തീരുമാനിക്കാനുള്ള അവകാശം ഉടമസ്ഥന്റെ വിവേചന അധികാരമാണ്. അക്കാര്യമൊന്നും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരില്ല.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മാത്യു കുഴൽനാടൻ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പകതീർക്കാനാണ് മാത്യു കുഴൽനാടനെതിരെ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അപമാനിതനായി സ്വയം കേസ് പിൻവലിക്കേണ്ട ഗതികേടാണ് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!