IdukkiLocal Live

വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര; ഇടുക്കി ജില്ലാ പര്യടനം സമാപിച്ചു

തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ യാത്രയുടെ പര്യടനം ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ നഗര – ഗ്രാമീണ മേഖലകളിലടക്കം 57 സ്ഥലങ്ങളിലെത്തിയ യാത്രക്ക് മികച്ച സ്വീകരണമാണ് മിക്കയിടങ്ങളിലും ലഭിച്ചത്. 2023 ഡിസംബര്‍ 4ന് കോടിക്കുളം ഗ്രാമ പഞ്ചായത്തിലാണ് യാത്ര ആരംഭിച്ചത്. 52 ദിവസങ്ങള്‍ക്കിടെ തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ അഞ്ചിടങ്ങളിലും 52 ഗ്രാമപഞ്ചായത്തുകളിലും യാത്ര എത്തി. നൂറ് കണക്കിന് ആളുകള്‍ യാത്രയുടെ ഭാഗമായി. സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഉള്‍പ്പെടെ മിക്കയിടങ്ങളിലും യാത്രക്ക് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. കര്‍ഷകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടംബശ്രീ അംഗങ്ങള്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളികലുള്ളവരും യാത്രയുടെ ഭാഗമായി.

കേന്ദ്ര പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും വീഡിയോ പ്രദര്‍ശനവും യാത്രയുടെ ഭാഗമായി സജ്ജീകരിച്ചിരുന്നു. കാര്‍ഷിക മേഖലയില്‍ വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയതും അര്‍ഹരായവര്‍ക്ക് വിവിധ കേന്ദ്ര പദ്ധതികളില്‍ അംഗമാകാനും ആനുകൂല്യങ്ങള്‍ നേടാനുമുള്ള സൗകര്യം ഒരുക്കുകയും ചെയ്തത് ഏവര്‍ക്കും പ്രയോജനകരമായി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു യാത്ര സംഘടിപ്പിച്ചത്. ജില്ലയിലെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര സമാപന ദിവസം ആലക്കോട്, കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി.

ആലക്കോട് ഗ്രാമ പഞ്ചായത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കലയന്താനി ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കലയന്താനി പൂക്കുളത്തേല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍ വി. ബിസ്മി അധ്യക്ഷത വഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു മുഖ്യാതിഥിയായിരുന്നു. ഇളംദേശം ബ്ലോക്ക് ഡെപ്യൂട്ടി ബിഡിഒഡി ജ്യോതി മുഖ്യ പ്രഭാഷണം നടത്തി. കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരിമണ്ണൂര്‍ ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കരിമണ്ണൂര്‍ വടക്കേക്കര ആര്‍ക്കേഡില്‍ ചേര്‍ന്ന സമ്മേളനം കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജിയണല്‍ മാനേജര്‍ എം.ആര്‍ സാബു അധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജോസ് ജോര്‍ജ് വളവി മുഖ്യ പ്രഭാഷണം നടത്തി. കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളില്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!