Moolammattam

പാഴ്വസ്തു ശേഖരണത്തിനുള്ള പുതിയ കലണ്ടര്‍ പുറത്തിറക്കി

മൂലമറ്റം: വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പാഴ് വസ്തുക്കള്‍ ശേഖരിച്ച്‌ നീക്കം ചെയ്യുന്നതിനുള്ള പുതുക്കിയ വാര്‍ഷിക കലണ്ടര്‍ ക്ലീന്‍ കേരള കമ്ബനി (സി.കെ.സി.) പുറത്തിറക്കി.പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ക്കൊപ്പം ഓരോ മാസവും ശേഖരിക്കുന്നവയുടെ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. പുതുക്കിയ കലണ്ടറനുസരിച്ച്‌ ഫെബ്രുവരിയില്‍ തുണിമാലിന്യങ്ങളാകും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പ്ലാസ്റ്റിക്കുകള്‍ക്കൊപ്പം വീടുകളില്‍ നിന്നും മറ്റും സ്വീകരിക്കുക. ഇവ പ്രത്യേകം തരം തിരിച്ചാണ് വീടുകളില്‍ നിന്ന് നല്‍കേണ്ടത്. മാര്‍ച്ച്‌, ഒക്ടോബര്‍ മാസങ്ങളില്‍ ഇ- മാലിന്യങ്ങള്‍ (പിക്ചര്‍ ട്യൂബ്, ബള്‍ബ്, ട്യൂബ്), കണ്ണാടി എന്നിവ ശേഖരിക്കും.

ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ ചെരുപ്പ്, ബാഗ്, തെര്‍മോക്കോള്‍, തുകല്‍, കാര്‍പ്പെറ്റ്, അപ്‌ഹോഴ്‌സസറി വേസ്റ്റ്, ഉപയോഗ ശൂന്യമായ മെത്ത, പ്ലാസ്റ്റിക് പായ, തലയിണ എന്നിവയും മേയ്, ഡിസംബര്‍ മാസങ്ങളില്‍ കുപ്പി, ചില്ല് മാലിന്യങ്ങളും ശേഖരിക്കും. ജൂണില്‍ ഉപയോഗ ശൂന്യമായ വാഹന ടയറുകളും ജൂലായില്‍ ഇ- വേസ്റ്റും ഓഗസ്റ്റില്‍ പോളി എത്തിലീന്‍ പ്രിന്റിങ് ഷീറ്റ്, സ്‌ക്രാപ് ഇനങ്ങളും സെപ്തംബറില്‍ മരുന്നു സ്ട്രിപ്പുകളും ശേഖരിക്കും. ഹരിതകര്‍മ്മ സേന പൂര്‍ണ്ണമായും തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും ഏതൊക്കെ മാസങ്ങളില്‍ എന്തൊക്കെ പാഴ് വസ്തുക്കള്‍ ശേഖരിക്കണമെന്ന കൃത്യമായ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കാറുണ്ട്.

ഹരിതകര്‍മ്മ സേന ശേഖരിച്ച്‌ എം.സി.എഫിലെത്തിക്കുന്ന പലവിധ പാഴ്‌വസ്തുക്കള്‍ തരംതിരിച്ചാണ് ക്ലീന്‍ കേരള കമ്ബനി ഏറ്റെടുത്ത് കൈയ്യൊഴിയുന്നത്. നവകേരളം കര്‍മ്മപദ്ധതിയുടെ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ.വി. കുര്യാക്കോസ് പുതുക്കിയ കലണ്ടറിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.ആര്‍. രാജേഷ് പോസ്റ്റര്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ക്ലീന്‍ കേരള കമ്ബനി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!