IdukkiThodupuzha

കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബോറട്ടറികള്‍ മുഖ്യമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ ലാബോറട്ടറികളുടെ പ്രവര്‍ത്തനോദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. വെള്ളയമ്പലം ജലഭവന്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.

പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ അടിമാലി പതിനാലാം മൈല്‍, തൊടുപുഴ വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ഇടുക്കി മെഡിക്കല്‍ കോളേജിന് സമീപം എന്നിവിടങ്ങളിലായി ദേശീയ അംഗീകാരമുള്ള മൂന്ന് (എന്‍എബിഎല്‍) ലാബുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു കോടി രൂപ ചെലവിലാണ് ലാബുകള്‍ സ്ഥാപിച്ചത്.

ജലത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതിനുള്ള 16 രാസഭൗതിക പരിശോധനകളും കോളിഫോം ബാക്ടീരിയ ടെസ്റ്റുകളും ഈ ലാബില്‍ നടത്തും. വാണിജ്യാവശ്യത്തിന് ലൈസന്‍സിനും ഗാര്‍ഹിക ആവശ്യത്തിനും ജലം പരിശോധിച്ച് ഫലം നല്‍കും.

ചടങ്ങില്‍ ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ മീറ്റര്‍ റീഡിങ് സ്വന്തമായി എടുക്കാനുള്ള നൂതന സംരംഭമായ കണ്‍സ്യൂമര്‍ സെല്‍ഫ് റീഡിങ് ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും നടത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ എം. ബി. രാജേഷ്, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!