ChuttuvattomThodupuzha

ജലക്ഷാമം രൂക്ഷമായി; മലങ്കര ഇടത്കര കനാല്‍ തുറന്നു

തൊടുപുഴ: മലങ്കര ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്ന നടപടികള്‍ ആരംഭിച്ചു. ആദ്യ ദിനം ഇടത് കര കനാലില്‍ കൂടി ഒന്നര മീറ്റര്‍ വെള്ളം തുറന്ന് വിട്ടു. സാധാരണ ഗതിയില്‍ ഡിസംബര്‍ – ജനുവരി മാസങ്ങളിലാണ് കനാല്‍ തുറന്ന് വിട്ടിരുന്നത്. എന്നാല്‍ ഇത്തവണ കനാല്‍ കടന്ന് പോകുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് നേരത്തെ തുറന്നത്.
മുട്ടം മലങ്കര അണക്കെട്ടില്‍ നിന്നുള്ള ഇടത് കനാലിലൂടെ ശനിയാഴ്ച്ച രാവിലെ ആറ്  മുതലാണ് വെള്ളം ഒഴുക്കി വിടാന്‍ തുടങ്ങിയത്. ഒന്നര മീറ്റര്‍ ഉയരത്തിലാണ് വെള്ളം കടത്തി വിടുന്നത്. അണക്കെട്ടിലെ രാവിലത്തെ ജലനിരപ്പ് 41.72 മീറ്ററായിരുന്നു. വൈകിട്ട് ജലനിരപ്പ് 41.48 മീറ്ററായി താഴ്ന്നിരുന്നു. പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. കനാല്‍ തുറക്കുന്നതിന് മുന്നോടിയായി അണക്കെട്ടിലെ ആറ് ഷട്ടറുകളും പൂര്‍ണമായും താഴ്ത്തിയാണ് ജലനിരപ്പ് ഉയര്‍ത്തിയത്. അണക്കെട്ടില്‍ 39 മീറ്റര്‍ ജലനിരപ്പ് ഉണ്ടെങ്കില്‍ മാത്രമേ ഇരു കനാലുകളിലൂടെയും വെള്ളം പുറേക്കൊഴുക്കാന്‍ സാധിക്കൂ. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു.

പെരുമറ്റം കൂടി കോലാനി, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം ആറൂര്, മണ്ണത്തൂര്‍, പിറവം, കടപ്പൂര്‍ എന്നിവിടങ്ങളില്‍ കൂടി ഏറ്റുമാനൂര്‍ വരെയാണ് ഇടതുകര കനാല്‍ ഒഴുകുന്നത്. 39 കിലോ മീറ്ററോളം ദൂരം ഇടത് കര കനാലിനുണ്ട്. വേനല്‍ കൂടുതല്‍ തീവ്രമായാല്‍ വലത് കനാലിലൂടെയും വെള്ളം കടത്തി വിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി അധികൃതര്‍ പറഞ്ഞു. തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, പട്ടയംകവല, കുമാരമംഗലം കല്ലൂര്‍ക്കാട്, ഏനാനെല്ലൂര്‍, ആനിക്കാട്, രണ്ടാറ്റിന്‍ക്കര വഴി വലതുകര കനാല്‍ 27 കിലോമീറ്ററിലധികം ഒഴുകുന്നുണ്ട്. ഇരു കനാലുകള്‍ക്കും മറ്റിടങ്ങളിലേയ്ക്ക് വെള്ളം എത്തുന്നതിനായി നിരവധി ചെറു പോഷക കനാലുകളും ഉണ്ട്. നിലവില്‍ മലങ്കര ഡാമിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന മിനി വൈദ്യുതി നിലയത്തിലെ ഉല്‍പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം മാത്രമാണ് തൊടുപുഴയാറ്റിലേക്ക് ഒഴുകി വിടുന്നത്. മഴ ശക്തമായാല്‍ ഷട്ടറുകള്‍ തുറന്ന് വിടാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!