Thodupuzha

ആര്‍ദ്രകേരളം പുരസ്‌കാരം  ആലക്കോട് പഞ്ചായത്തിന്: രണ്ടാം സ്ഥാനം മണക്കാട് പഞ്ചായത്തിന്

തൊടുപുഴ: രണ്ടാം തവണയും ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആലക്കോട് പഞ്ചായത്ത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. രണ്ടാം സ്ഥാനം മണക്കാട് പഞ്ചായത്ത് കരസ്ഥമാക്കി. സാന്ത്വന പരിചരണ രംഗത്ത് കൂടുതല്‍ ജനപങ്കാളിത്തമാര്‍ന്ന സവിശേഷ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞതും പകര്‍ച്ചവ്യാധി നിയന്ത്രണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നേട്ടം, ജീവിത ശൈലിരോഗ നിയന്ത്രണം, ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ മികച്ച നിലവാരം, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ മികവ് എന്നിവ പരിഗണിച്ചാണ് രണ്ടാം വട്ടവും ആര്‍ദ്രകേരളം പുരസ്‌കാരം ആലക്കോട് പഞ്ചായത്തിനെ തെരഞ്ഞെടുത്തത്.

പാലിയേറ്റിവ് പരിചരണ രംഗത്ത് 1.5 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ സംഭാവനയായി സംഘടിപ്പിച്ചും ആശ്രയമില്ലാത്ത രോഗികളെ ചാരിറ്റി ഹോമിലെത്തിച്ചും, ചാരിറ്റി ഹോമുകളില്‍ മികച്ച പരിചരണമെത്തിച്ചും പാലിയേറ്റീവ് പരിചരണ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാന്‍ ആലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സാധിച്ചു. പരിമിതികളെ കൂട്ടായ്മയുടെ കരുത്തില്‍ മറികടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയൂര്‍വേദ-ഹോമിയ ആരോഗ്യ സ്ഥാപനങ്ങളുടെയും, കുടുംബശ്രീ, ഹരിതകര്‍മസേന, തൊഴിലുറപ്പ് പദ്ധതി എന്നിവിയുടെയെല്ലാം കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് പിന്നിലുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി പറഞ്ഞു.

കോവിഡ് പ്രതിരോധ രംഗത്തും, വാക്സിനേഷന്‍ രംഗത്തും, മാതൃശിശു സംരക്ഷണ പ്രവര്‍ത്തന രംഗത്തും നടത്തിയ ഇടപെടലുകളും പരിഗണിച്ചാണ് മണക്കാട് പഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്. ആരോഗ്യ മേഖലയില്‍ 2020-21 വര്‍ഷത്തില്‍ 21.68 ലക്ഷം രൂപയാണ് മണക്കാട് പഞ്ചായത്തില്‍ ചെലവഴിച്ചത്. മണക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം 10,18,427 രൂപയും ഹോമിയോ വിഭാഗം 3.5 ലക്ഷം രൂപയും ആയൂര്‍വേദ വിഭാഗത്തില്‍ 8 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിനു പുറമെ പഞ്ചായത്തില്‍ നിന്ന് പദ്ധതി ഇനത്തില്‍ വകയിരുത്തിയ 20 ലക്ഷം രൂപയും, സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സമാഹരിച്ച 7.5 ലക്ഷം രൂപയും ചെലവഴിച്ച് പുതിയ ഒ.പി ബ്ലോക്ക് നിര്‍മിച്ചു. പൊതുജന ആരോഗ്യമേഖലയിലും അനുബന്ധമേഖലകളിലും നടത്തിയ കൂട്ടായ ഇടപെടലുകളാണ് പഞ്ചായത്തിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് പ്രസിഡന്റ് ടിസി ജോബ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!